കലിപ്പടക്കി ഡിവില്ലിയേഴ്‌സ്;ദക്ഷിണാഫ്രിക്കയ്ക്ക് 139 റണ്‍സിന്‍റെ ലീഡ്

0
78

പോര്‍ട്ട് എലിസബത്ത്: ആസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ എബി ഡിവില്ലിയേഴ്സിന്‍റെ സെഞ്ച്വറി മികവില്‍ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി ദക്ഷിണാ ഫ്രിക്ക. ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 243 റണ്‍സിന് മറുപടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 382 റണ്‍സ് സ്വന്തമാക്കി. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് 139 റണ്‍സിന്‍റെ നിര്‍ണായക ലീഡ് ലഭിച്ചു. ഡിവില്ലിയേഴ്സിന്‍റെ സെഞ്ച്വറിയായിരുന്നു മൂന്നാം ദിനത്തിലെ ഇതുവരെയുള്ള ഹൈലൈറ്റ്.

ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും ഡിവില്ലിയേഴ്സ് തളര്‍ന്നില്ല. രണ്ടാം ദിനത്തില്‍ ഏകദിന ശൈലിയിലായിരുന്നു ഡിവില്ലിയേഴ്സ് ബാറ്റ് വീശിയത്. എന്നാല്‍ മൂന്നാം ദിനമായ ഇന്ന് കരുതലോടെയാണ് കളിച്ചത്.146 ബോളില്‍ നിന്ന് 20 ഫോറുകളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയില്‍ 126 റണ്‍സ്. ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ ഇരുപത്തിരണ്ടാം സെഞ്ചുറിയാണ് ഡിവില്ലിയേഴ്‌സ് നേടിയത്. ഓസീസ് ബോളര്‍മാരെ യാതൊരു ദാഷ്യണ്യവും കൂടാതെയാണ് എബിഡി അടിച്ചൊതുക്കിയത്.

അതേസമയം ആസ്ട്രേലിയക്കായി പാറ്റ് കമ്മിന്‍സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഡിവില്ലിയേഴ്സിനെക്കൂടാതെ ഡീന്‍ എല്‍ഗര്‍(57)ഹാഷിം അംല(56) എന്നിവരും തിളങ്ങി. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ഒസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയിലാണ്. 13 റണ്‍സെടുത്ത് വാര്‍ണറുടെ വിക്കറ്റാണ് അവര്‍ക്ക് നഷ്ടമായത്. റബാഡയ്ക്കാണ് വിക്കറ്റ്.