പാര്‍ട്ടിക്കകത്തെ അഭിപ്രായ വ്യത്യാസങ്ങളും അഴിമതിയുമാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം; രാഹുല്‍ ഗാന്ധി

0
62

ന്യൂഡല്‍ഹി: പാര്‍ട്ടിക്കകത്ത് മുതിര്‍ന്ന നേതാക്കളും യുവ നേതാക്കളും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങളും അഴിമതിയുമാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമെന്ന് രാഹുല്‍ ഗാന്ധി. പാര്‍ട്ടിക്കകത്ത് ആഭ്യന്തര തര്‍ക്കം അതിരൂക്ഷമായതാണ് പരാജയത്തിന് കാരണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി.

‘പാര്‍ട്ടിക്കകത്ത് ആഭ്യന്തര തര്‍ക്കം അതി രൂക്ഷമായിരുന്നു. മുതിര്‍ന്ന നേതാക്കളും യുവനേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും വിനയായി. അതിന് പുറമേ അഴിമതിയാരോപണവും നേരിടേണ്ടി വന്നു. എല്ലാമായപ്പോള്‍ തോറ്റു’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

എന്നാല്‍, അഴിമതി കണ്ടെത്തിയപ്പോഴെല്ലാം പാര്‍ട്ടി അവരെ പുറത്താക്കിയിട്ടുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. വിവാരാവകാശ നിയമം നടപ്പാക്കി സമ്പൂര്‍ണ്ണ സുതാര്യത ഉറപ്പാക്കിയവരാണ് തങ്ങള്‍ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം, ബിജെപിയ്‌ക്കെതിരായി ഇപ്പോള്‍ റാഫേല്‍ ഇടപാടും, അമിത് ഷായുടെ മകനെതിരായ ആരോപണവും, ഗുജറാത്ത് പെട്രോളിയം ഇടപാടും ഒക്കെ ഉണ്ടെങ്കിലും നിശബ്ദരായിരിക്കുക എന്ന നയമാണ് ബിജെപി പിന്തുടരുന്നതെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.