പുകമഞ്ഞിനാല്‍ വീര്‍പ്പുമുട്ടി ബെയ്ജിങ്; ‘ഓറഞ്ച് അലെര്‍ട്’ പ്രഖ്യാപിച്ചു

0
74

ബെയ്ജിങ്: ചൈനയുടെ തലസ്ഥാനം അന്തരീക്ഷ മലിനീകരണത്താല്‍ വീര്‍പ്പുമുട്ടുന്നു. മലിനീകരണം രൂക്ഷമായതിനെത്തെുടര്‍ന്ന് ബെയ്ജിങ് മുനിസിപ്പല്‍ എന്‍വയോണ്മെന്റല്‍ പ്രൊട്ടക്ഷന്‍ മോണിറ്ററിങ് സെന്റര്‍ (ബിഎംഇഎംസി) ‘ഓറഞ്ച് അലെര്‍ട്’ പ്രഖ്യാപിച്ചിരിക്കുകയാണ്. മലിനീകരണം സംബന്ധിച്ച് ചൈന നല്‍കുന്ന നാല് തലത്തിലെ മുന്നറിയിപ്പ് സംവിധാനത്തില്‍ ഏറ്റവും രൂക്ഷമായതിന് തൊട്ടു താഴെയുള്ള മുന്നറിയിപ്പാണിത്.

മാര്‍ച്ച് 12 മുതല്‍ 14 വരെയായിരിക്കും ഈ മുന്നറിയിപ്പ് നിലനില്‍ക്കുക. അന്തരീക്ഷ മലിനീകരണം മാര്‍ച്ച് 14 വരെ തുടരുമെന്നാണ് റിപ്പോര്‍ട്ട്. മലിനീകരണം കുറയ്ക്കുന്നതിനുള്ള അടിയന്തര നടപടികള്‍ക്ക് അധികൃതര്‍ തുടക്കമിട്ടു. വ്യാവസായിക ഉല്‍പാദനം കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികളാണ് നടപ്പാക്കുന്നത്.

അന്തരീക്ഷം മലിനമാക്കാന്‍ സാധ്യതയുള്ള പടക്കങ്ങള്‍ ബെയ്ജിങ് നിവാസികള്‍ പൊട്ടിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. പുറത്തേക്കുള്ള വിനോദയാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും പൊടി നിറഞ്ഞ നിര്‍മാണ പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 14 വരെ മാത്രമേ പ്രശ്‌നം ഉണ്ടാവുകയുള്ളൂവെന്നും വിദഗ്ധര്‍ പറയുന്നു. അതിനു ശേഷം താപനില കുറയാന്‍ സാധ്യതയുള്ളതിനാല്‍ പുകമഞ്ഞ് ഇല്ലാതാകുമെന്നാണ് കരുതുന്നത്.