ലാഹോറില്‍ നവാസ് ഷരീഫിനു നേരെ വിദ്യാര്‍ത്ഥിയുടെ ചെരുപ്പേറ്

0
53

ലാഹോര്‍: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനു നേരെ വിദ്യാര്‍ഥിയുടെ ചെരുപ്പേറ്. ലാഹോറിലെ ജാമിയ നാമിയ മതപഠന കേന്ദ്രത്തില്‍ മുഖ്യാതിഥിയായി സംസാരിക്കവെയാണ് സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ഥി ഷരീഫിന് നേരെ ചെരുപ്പെറിഞ്ഞത്. ഷരീഫിന്റെ ചെവിക്കും മുതുകിലുമാണ് ചെരുപ്പ് വന്നുവീണത്. അക്രമസമയത്ത് മതാനൂകൂല മുദ്രാവാക്യങ്ങളും വിദ്യാര്‍ഥി വിളിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. അബ്ദുല്‍ ഗഫൂര്‍, സാജിദ് എന്നിവരാണ് അക്രമത്തിനു പിന്നിലെന്ന് അറിയുന്നു.

പാക്ക് വിദേശകാര്യ മന്ത്രിക്കെതിരെ മഷിയാക്രമണം നടന്നതിനു തൊട്ടുപിന്നാലെയാണ് മുന്‍ പ്രധാനമന്ത്രിക്കെതിരെയും സമാന രീതിയില്‍ ആക്രമണം ഉണ്ടാകുന്നത്. പഞ്ചാബ് പ്രവിശ്യയില്‍ പാര്‍ട്ടി പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അപ്രതീക്ഷിതമായി വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫിന് നേരെ മഷിയാക്രമണമുണ്ടായത്. തിരഞ്ഞെടുപ്പ് നടപടിക്രമം സംബന്ധിച്ച് പാര്‍ലമെന്റ് പാസ്സാക്കിയ ഭേദഗതി ബില്ലിലെ ചില വാക്കുകള്‍ സംബന്ധിച്ച് രാജ്യത്തു വിവാദം പുകയുന്നതിനിടെയാണ് ആക്രമണം.