സഞ്ചരിക്കാന്‍ ഡസ്റ്റര്‍ വേണ്ട, ഇന്നോവ ക്രിസ്റ്റ മതി; നാഗാലാന്‍ഡില്‍ എംഎല്‍എമാരുടെ നിവേദനം

0
60

ഗുവാഹത്തി: സഞ്ചരിക്കാന്‍ ഇന്നോവ ക്രിസ്റ്റ വാഹനംതന്നെ വേണമെന്ന ആവശ്യവുമായി നാഗാലാന്‍ഡ് അസംബ്ലി കമ്മീഷണര്‍ക്കും സെക്രട്ടറിക്കും എം.എല്‍.എമാരുടെ നിവേദനം. പ്രതിപക്ഷ പാര്‍ട്ടിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിലെ 27 എംഎല്‍എമാരില്‍ 11 പേരാണ് തങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഇന്നോവ ക്രിസ്റ്റ വേണമെന്ന നിവേദനം നല്‍കിയിട്ടുള്ളത്. എംഎല്‍എമാര്‍ക്കായി റെനോ ഡസ്റ്റര്‍ വാഹനം നല്‍കാന്‍ അസംബ്ലി സെക്രട്ടേറിയേറ്റ് തീരുമാനിച്ചെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇവരുടെ നീക്കം.

പരിപാലന ചെലവുകള്‍ മുന്‍നിര്‍ത്തിയാണ് ഡസ്റ്റര്‍ വേണ്ടെന്ന് വച്ചതെന്നും, നാഗാലാന്റിലെ റോഡുകള്‍ക്ക് കൂടുതല്‍ അനുയോജ്യമായത് ഇന്നോവ ക്രിസ്റ്റ തന്നെയാണെന്നും എംഎല്‍എമാര്‍ അവകാശപ്പെടുന്നു. അതേസമയം, എംഎല്‍എമാര്‍ക്ക് വാഹനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ അസംബ്ലി സെക്രട്ടേറിയേറ്റ് തീരുമാനമെടുത്തിട്ടുണ്ടോ എന്നകാര്യത്തില്‍ ഇനിയും സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് നാഗാ മാധ്യമമായ ദി മോറങ് എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.