സിനിമയില്‍ ശോഭിക്കാനായില്ല;ടെലിവിഷന്‍ താരം ആത്മഹത്യ ചെയ്തു

0
76

കൊല്‍ക്കത്ത: വിഷാദരോഗത്തെതുടര്‍ന്ന് ബംഗാളി ടെലിവിഷന്‍ താരം മൗമിത സാഹ ആത്മഹത്യ ചെയ്തു. ശനിയാഴ്ചയാണ് മൗമിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 23 വയസുകാരിയായ താരം വിഷാദരോഗബാധിതയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. കല്‍ക്കത്തയില്‍ തനിച്ചൊരു ഫ്‌ളാറ്റിലായിരുന്നു മൗമിതയുടെ താമസം. വെള്ളിയാഴ്ച മുതല്‍ മാതാപിതാക്കള്‍ ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ഫ്‌ളാറ്റ് ഉടമ മുറിയുടെ പൂട്ട് തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ മൗമിതയെ കണ്ടെത്തിയത്.

സിനിമയില്‍ സജീവമാകാനുള്ള ശ്രമത്തിലായിരുന്നു മൗമിത. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ സിനിമയില്‍ ശോഭിക്കാനായില്ല. ഇതേതുടര്‍ന്ന് കടുത്തനിരാശയിലായിരുന്നു. വിഷാദരോഗം പിടിമുറുക്കിയതാണ് ആത്മഹത്യയില്‍ കലാശിച്ചത്.

വെള്ളിയാഴ്ച ഉച്ചമുതല്‍ മൗമിതയെ പുറത്തേക്ക് കണ്ടിരുന്നില്ല. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. മരണത്തില്‍ ദുരൂഹതയില്ല. ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൗമിതയുടെ ഫോണ്‍കോളുകളും പൊലീസ് പരിശോധിച്ചു. പശ്ചിമബംഗാളിലെ ബന്ദേല്‍ ജില്ലക്കാരിയാണ് മൗമിത.