അമ്മയെയും അച്ഛനെയും ചിലര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; ഇനി വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് ഹാദിയ

0
59

കോഴിക്കോട്: അമ്മയെയും അച്ഛനെയും ചിലര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ഹാദിയ. അതാണ് തന്നെ ഈ അവസ്ഥയിലേക്ക് എത്തിച്ചത്. തന്റെ പേരില്‍ ഇനി വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും ഹാദിയ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

സച്ചിദാനന്ദന്‍, ഗോപാല്‍ മേനോന്‍, വര്‍ഷ ബഷീര്‍ തുടങ്ങിയവര്‍ തനിക്ക് വേണ്ടി നിലകൊണ്ടതായി വൈകിയാണ് മനസിലാക്കിയത്. രാഹുല്‍ ഈശ്വറിന് എതിരായ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. അദ്ദേഹം പൊലീസ് പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. താന്‍ കാണാന്‍ ആഗ്രഹിക്കാത്തവരെ കാണാന്‍ അനുവദിച്ചുവെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു.

എനിക്ക് ശരിയെന്ന് തോന്നിയ വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കാനുള്ള സ്വാതന്ത്രം കൂടിയാണ് സുപ്രീംകോടതി നല്‍കിയത്. ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് വര്‍ഷമാണ് നഷ്ടമായത്. മാതാപിതാക്കള്‍ മോശമായി പെരുമാറിയപ്പോള്‍ മാത്രമാണ് അവരില്‍ നിന്ന് മാറി നിന്നത്. തന്റെ വിശ്വാസ പ്രകാരം മാതാപിതാക്കളോട് കടമയുണ്ട്. അത് നിറവേറ്റുമെന്നും ഹാദിയ പറഞ്ഞു.

കൗണ്‍സിലിംഗിന്റെ പേരില്‍ പലതും അനുഭവിക്കേണ്ടി വന്നു. സനാതന ധര്‍മം പഠിപ്പിക്കാന്‍ എത്തിയ വര്‍ക്ക് മുന്നില്‍ പൊലീസ് തൊഴുകൈകളോടെ നിന്നുവെന്നും അവര്‍ ആരോപിച്ചു. വിവാഹം കഴിക്കാനല്ല മതം മാറിയതെന്നും ദേശ വിരുദ്ധ ശക്തികള്‍ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇസ്ലാമിന് എതിരായ ശക്തികളാണവര്‍. തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് വരെ അവര്‍ ചിത്രീകരിച്ചു. ഇനിയാര്‍ക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനാണ് എല്ലാം തുറന്ന് പറഞ്ഞതെന്നും ഹാദിയ വ്യക്തമാക്കി.