ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്; കര്‍ഷക പ്രക്ഷോഭം പിന്‍വലിച്ചു

0
64

മുംബൈ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ പതിനായിരക്കണക്കിന് കര്‍ഷകര്‍ നടത്തിയ സമരം പിന്‍വലിച്ചു. കര്‍ഷകരുടെ ആവശ്യങ്ങളിലേറെയും അംഗീകരിക്കാമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. കടാശ്വാസം, വനാവകാശ നിയമം നടപ്പാക്കല്‍ തുടങ്ങിയ കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍ നടപ്പിലാക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ആറംഗ സമിതിയെയും നിയോഗിച്ചു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ കര്‍ഷകരുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. കര്‍ഷകരുടെ പ്രതിനിധികളായി എട്ടു പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം തുടരാനായിരുന്നു തീരുമാനം. വിധാന്‍ സഭയിലേക്കെത്തിയ കര്‍ഷകരുടെയും ഗോത്രവിഭാഗക്കാരുടെയും ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഫഡ്‌നാവിസ് അറിയിച്ചിരുന്നു. നിയമസഭയില്‍ തിങ്കളാഴ്ച രാവിലെ പ്രതിപക്ഷം പ്രശ്‌നം ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിയമസഭയില്‍ വിഷയം അവതരിപ്പിക്കുമെന്നു ശിവസേനയും അറിയിച്ചിരുന്നു.