ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പന ഇന്ത്യയില്‍ നിരോധിക്കുന്നു

0
68

ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം വരുന്നു.രാജ്യത്തെ ഇരുചക്ര യാത്രികരുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കിയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നടപടി. ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് വില്‍പന നിരോധിക്കാനുള്ള നീക്കത്തെ ഐഎസ്‌ഐ ഹെല്‍മറ്റ് നിര്‍മ്മാതാക്കളുടെ കൂട്ടായ്മ സ്വാഗതം ചെയ്തു. ടോള്‍ ഫ്രീ ഹൈവേ ഹെല്‍പ്‌ലൈന്‍ നമ്പറും സുഖദ് യാത്ര ആപ്പും ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് റോഡ് ഗതാഗത മന്ത്രാലയം പുതിയ തീരുമാനം അറിയിച്ചത്.

എല്ലാ ഹെല്‍മറ്റ് നിര്‍മ്മാതാക്കളും അതത് ഉത്പന്നങ്ങള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സില്‍ നിന്നും ഐഎസ്‌ഐ മുദ്രണം കരസ്ഥമാക്കണമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഐഎസ്ഐ മുദ്രയുള്ള ഹെല്‍മറ്റ് ധരിക്കുന്ന ഇരുചക്ര യാത്രികര്‍ക്ക് മാത്രം അപകടത്തില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കിയാല്‍ മതിയെന്ന് കര്‍ണാടക ഹൈക്കോടതി അടുത്തിടെ വിധി പ്രസ്താവിച്ചിരുന്നു.

ഈ വര്‍ഷം അവസാനത്തോടെ ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പന ഇന്ത്യയില്‍ നിരോധിക്കും. ആറു മാസത്തിനുള്ളില്‍ ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പന നിരോധനം പൂര്‍ണമായും നടപ്പിലാക്കാമെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് സുപ്രീം കോടതിയില്‍ വ്യക്തമാക്കി. നിലവില്‍ രാജ്യത്തെ 75-80 ശതമാനം ഇരുചക്ര വാഹന യാത്രികരും ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകളാണ് ഉപയോഗിക്കുന്നത്.

വിലക്കുറവാണ് ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ക്ക് വിപണിയില്‍ പ്രചാരം വര്‍ധിക്കാന്‍ കാരണം. എന്നാല്‍ അപകടങ്ങളില്‍ മതിയായ സുരക്ഷ ഉറപ്പു വരുത്താന്‍ ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ക്ക് സാധിക്കില്ല. ഇന്ത്യയില്‍ പ്രതിദിനം വര്‍ധിച്ചു വരുന്ന റോഡപകടങ്ങളും ഇതില്‍ ഇരുചക്ര വാഹനങ്ങളുടെ പങ്കും കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം.

ഇന്ത്യയില്‍ ഐഎസ്ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ ധരിക്കുന്നത് നിയമലംഘനമാണ്. കേരളം ഉള്‍പ്പെടുന്ന വിവിധ സംസ്ഥാനങ്ങളില്‍ ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.