കര്‍ദിനാളിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം; ഉത്തരവ് പൊലീസിന് കൈമാറി

0
51

കൊച്ചി: സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ കേസെടുക്കാമെന്ന് നിയമോപദേശം. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം പൊലീസിന് കൈമാറി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചയോടെ അദ്ദേഹത്തിനെതിരേ കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. വിശ്വാസവഞ്ചന, ഗൂഢാലോചന, സാമ്പത്തിക തിരിമറി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരിക്കും കര്‍ദിനാളിനും മറ്റ് രണ്ട് വൈദികര്‍ക്കും ഇടനിലക്കാരനായ സാജു വര്‍ഗീസിനുമെതിരെ പൊലീസ് കേസെടുക്കുക.

സഭയുടെ വിവാദ ഭൂമി ഇടപാട് പരിഗണിക്കവെ കടുത്ത വിമര്‍ശനമാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഹൈക്കോടതിയില്‍ നിന്നുണ്ടായത്. കര്‍ദിനാള്‍ രാജവല്ലെന്നും എല്ലാവരും നിയമത്തിന് വിധേയരാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. കര്‍ദിനാളിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടും പൊലീസ് കേസെടുക്കാതിരുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് പുറത്തുവന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും കര്‍ദിനാളിനെതിരേ കേസെടുക്കാത്തതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

അതേസമയം, തനിക്കെതിരേ കേസെടുക്കാന്‍ വിധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കര്‍ദിള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ദിനാളിനെതിരെ കേസെടുത്താല്‍ അദ്ദേഹം കോടതിയെ സമീപിച്ചാലും എഫ്ഐആര്‍ റദ്ദാക്കാന്‍ സാധിക്കില്ല. എഫ്‌ഐആറിലെ തുടര്‍ നടപടികള്‍ മാത്രമേ റദ്ദാക്കാന്‍ സാധിക്കുകയുള്ളൂ.