കേരളത്തിലെ വനമേഖലകളില്‍ ട്രക്കിങ് നിരോധിച്ചു

0
51

തിരുവനന്തപുരം: തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ വനമേഖലകളില്‍ ട്രക്കിങ് നിരോധിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ട്രക്കിങ്ങിനായി ആരും വനത്തില്‍ പ്രവേശിക്കരുതെന്ന് വനം വകുപ്പ് അറിയിച്ചു.

വേനലിന്റെ കാഠിന്യം ഏറിയതോടെ കാട്ടുതീക്കുള്ള സാധ്യത ഉയര്‍ന്നതും വനത്തിലെ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങളുടെ അഭാവവുമാണ് ട്രക്കിങ് നിരോധിക്കാന്‍ കാരണം. തേനിക്കു പുറമെ കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളായ രാമക്കല്‍മേട്, പൂക്കുളം മല തുടങ്ങിയ പ്രദേശങ്ങളിലും കാട്ടുതീ ഉണ്ടായിരുന്നു. വേനല്‍ കടുത്തതിനെ തുടര്‍ന്നാണ് വനമേഖലകളില്‍ കാട്ടുതീ വ്യാപകമാകാന്‍ കാരണം.

ഞായറാഴ്ച തമിഴ്നാട്ടിലെ തേനി ജില്ലയിലുണ്ടായ കാട്ടുതീയില്‍ ട്രക്കിങിന് പോയവര്‍ അകപ്പെടുകയും ഒന്‍പതുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രക്ഷപെടുത്തിയവരില്‍ ഒരു മലയാളിയും ഉണ്ടായിരുന്നു. 25 സ്ത്രീകളും എട്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമാണ് ട്രക്കിങ് സംഘത്തിലുണ്ടായിരുന്നത്.