ഗാലറിയിലെ ബാന്റ്‌മേളം; ഓസീസ് ദക്ഷിണാഫ്രിക്ക മല്‍സരം മുടങ്ങി

0
90

ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് അരങ്ങേറുന്ന പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ്ജ് പാര്‍ക്ക് സ്റ്റേഡിയത്തിന്റെ പ്രത്യേകതയാണ് ഗ്യാലറിയിലെ ആവേശമുണര്‍ത്തുന്ന ബാന്‍ഡ് സെറ്റ്. കഴിഞ്ഞ രണ്ട് ദശാബ്ദമായി ഗ്രൗണ്ടില്‍ കളി നടക്കുന്നതിനൊപ്പം ഗ്യാലറിയില്‍ ഒരു സംഘം ബാന്‍ഡും വായിച്ചിരിക്കുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഇത് ആദ്യമായാണ് അവര്‍ കാരണം ഒരു മത്സരം തടസപ്പെടുന്നത്.

ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിലെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് ബാറ്റിംഗിനിടെയാണ് ബാന്‍ഡ് സെറ്റ് മൂലം കളി തടസപ്പെട്ടത്. ഗ്യാലറിയില്‍ ഇവര്‍ സൃഷ്ടിക്കുന്ന കനത്ത ശബ്ദം മൂലം ഫീല്‍ഡില്‍ ശ്രദ്ധ കിട്ടുന്നില്ലെന്നും ബാറ്റ്സ്മാന്മാര്‍ പന്ത് എഡ്ജ് ചെയ്യുന്ന ശബ്ദം കേള്‍ക്കാന്‍ സാധിക്കുന്നില്ലെന്നും കാരണം പറഞ്ഞ് ബാന്‍ഡ് വായിക്കുന്നത് നിര്‍ത്താന്‍ അമ്പയര്‍മാര്‍ അവരോട് ആവശ്യപ്പെടുകയായിരുന്നു. മത്സരത്തിന്റെ 68-ാം ഓവറിലായിരുന്നു സംഭവം.

അമ്പയറുടെ ആവശ്യപ്രകാരം വായന നിര്‍ത്തിയ ബാന്‍ഡ് ടീം രണ്ട് ബോള്‍ എറിഞ്ഞതിന് ശേഷം വീണ്ടും ബാന്‍ഡ് വായന തുടര്‍ന്നു. വീണ്ടും അമ്പയര്‍മാരുടെ പരാതിയെത്തുടര്‍ന്ന് വീണ്ടും അവര്‍ ബാന്‍ഡ് വായന നിര്‍ത്തുകയും, കുറച്ച് നേരം നിശബ്ദത പാലിച്ച അവര്‍ ഒരു ബോള്‍ എറിഞ്ഞതിന് ശേഷം ബാന്‍ഡ് വായന വീണ്ടും ആരംഭിക്കുകയും ചെയ്തു. ഓവറിലെ അവസാന പന്തില്‍ ഡീന്‍ എല്‍ഗര്‍ ഔട്ടായി. അപ്പോളും ബാന്‍ഡ് വായന തുടരുകയായിരുന്നു.

സംഭവം വിവാദമായതോടെ മാച്ച് റഫറി ജെഫ് ക്രോ ബാന്‍ഡ് ടീമിനോട് ശാന്തരായിരിക്കാന്‍ ഔദ്യോഗികമായ മുന്നറിയിപ്പ് നല്‍കി. ബോളര്‍ പന്തെറിയുന്നതിനിടയ്ക്ക് ശബ്ദമുണ്ടാക്കരുതെന്ന മാച്ച് റഫറിയുടെ ആവശ്യം ബാന്‍ഡ് ടീം അംഗീകരിക്കുകയും ചെയ്തു.

എന്നാല്‍ ടെസ്റ്റിനിടെയുണ്ടായ വിവാദത്തില്‍ അമ്പയര്‍മാര്‍ക്കെതിരെ നിരവധി മുന്‍ ക്രിക്കറ്റര്‍മാര്‍ രംഗത്തെത്തി. ബാന്‍ഡ് സെറ്റ് മൂലം മുമ്പൊരിക്കലും ഇങ്ങനെയൊരു പ്രശ്നമുണ്ടായിട്ടില്ലെന്നും ഇത് അമ്പയര്‍മാരുടെ കുഴപ്പമാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

ഈഡന്‍ ഗാര്‍ഡന്‍സിലെ ഒരു ലക്ഷത്തോളം വരുന്ന കാണികള്‍ ഏതെങ്കിലും മത്സരത്തില്‍ കനത്ത ശബ്ദം ഉണ്ടാക്കുകയാണെങ്കില്‍ മത്സരം നിര്‍ത്തി വെക്കാന്‍ മാച്ച് ഒഫീഷ്യല്‍സ് തയ്യാറാകുമോയെന്നാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മാര്‍ക്ക് ബൗച്ചറുടെ ചോദ്യം. എന്തായാലും സെന്റ് ജോര്‍ജ്ജ് പാര്‍ക്കിലേക്കാള്‍ ശബ്ദം ഈഡന്‍ ഗാര്‍ഡന്‍സിലാണെന്നും ട്വിറ്ററിലൂടെ മാര്‍ക്ക് ബൗച്ചര്‍ കുറിച്ചു.