ചെങ്ങന്നൂരില്‍ ഡി.വിജയകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ഹൈക്കമാന്‍ഡിന്റെ അനുമതി

0
63

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ഹൈക്കമാന്‍ഡിന്റെ അനുമതി. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തിലാണ് വിജയകുമാറിന്റെ പേര് അംഗീകരിച്ചത്.

ചെങ്ങന്നൂര്‍ കാര്‍ഷിക സഹകരണ ബാങ്കിന്റെ പ്രസിഡന്റും അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ദേശിയ വൈസ് പ്രസിഡന്റുമായ വിജയകുമാര്‍ ചങ്ങനാശേരി എന്‍ എസ് എസ് കോളേജില്‍ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റായി പൊതുപ്രവര്‍ത്തനം ആരംഭിച്ചു. യൂത്ത് കോണ്‍ഗ്രസ് ചെങ്ങന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറി, ഐ.എന്‍.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ്, കെപിസിസി അംഗം, നിര്‍വാഹകസമിതി അംഗം എന്നീ പാര്‍ട്ടി പദവികളില്‍ പ്രവര്‍ത്തിച്ചു.

ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് മാവേലിക്കര ഡിസ്ട്രിക്ട് പ്രസിഡന്റ്, മൂന്ന് തവണ ചെങ്ങന്നൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, ദക്ഷിണ റെയില്‍വേ സോണല്‍ കമ്മിറ്റി അംഗം, ചെങ്ങന്നൂര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, റെയില്‍വേ ഡിവിഷണല്‍ യൂസേഴ്‌സ് കമ്മിറ്റി അംഗം (തിരുവനന്തപുരം, പാലക്കാട്) , കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍, ആലപ്പുഴ കോഓപ്പറേറ്റീവ് സ്പിന്നിങ് മില്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: രാധിക. മക്കള്‍: ജ്യോതി വിജയകുമാര്‍, ലക്ഷ്മി വിജയകുമാര്‍.