ജീവനു ഭീഷണിയുണ്ടെന്ന് മധുവിന്റെ കുടുംബം

0
53

അഗളി: തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്ന് അട്ടപ്പാടിയില്‍ ജനക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ അമ്മ. മധുവിന്റെ വീട് സന്ദര്‍ശിക്കാനെത്തിയ സുരേഷ് ഗോപി എം പിയോടാണ് മധുവിന്റെ അമ്മ ഇങ്ങനെ പരാതി പറഞ്ഞത്. കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മധുവിന്റെ കൊലപാതക കേസ് സിബിഐയ്ക്ക് വിടണമെന്നും മധുവിന്റെ അമ്മ മല്ലി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി നല്‍കിയ ഉറപ്പ് വിശ്വസിക്കാമെന്നും പൊലീസ് അന്വേഷണവും മജിസ്റ്റീരിയല്‍ അന്വേഷണവും നടക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഇതിന്റെ പുരോഗതി നോക്കിയിട്ട് അടുത്ത നടപടികളിലേക്ക് കടക്കാമെന്നും സുരേഷ് ഗോപി മധുവിന്റെ അമ്മ മല്ലിയെ ആശ്വസിപ്പിച്ചു.

അതോടൊപ്പം കേസില്‍ എന്ത് സംഭവിച്ചാലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവാദിയാണെന്നും സുരേഷ് ഗോപി പറഞ്ഞു. മധുവിന്റെ മരണം ഇന്ത്യയിലെ മുഴുവന്‍ വനവാസികളുടെയും ഉന്നമനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മധുവിന്റെ ചിണ്ടക്കി താഴെ ഊരിലെ കുടുംബവീട് ബിജെപി ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസിനൊപ്പം സന്ദര്‍ശിക്കുകയായിരുന്നു സുരേഷ് ഗോപി എംപി.