തൃച്ഛബരം ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായ അക്രമം; അറസ്റ്റിലായ ആര്‍എസ്എസുക്കാര്‍ക്കെതിരെ കൊലപാതക ഗൂഢാലോചനയ്ക്കും കേസെടുക്കണമെന്ന് പി. ജയരാജന്‍

0
88

കൊച്ചി: ആര്‍എസ്എസിനെതിരെ വിമര്‍ശനവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. തൃച്ഛബരം ക്ഷേത്രോത്സവുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തില്‍ അറസ്റ്റിലായ ആര്‍എസ്എസ്സുകാര്‍ക്കെതിരെ കീഴാറ്റൂര്‍ വയലിലെ കൊലപാതക ഗൂഡാലോചനയ്ക്ക് കൂടി കേസെടുക്കണമെന്ന് ജയരാജന്‍ പറഞ്ഞു. വിശ്വാസികള്‍ ക്ഷേത്രങ്ങളില്‍ എത്തുന്നത് ഭക്തിയോടെയാണെങ്കില്‍ ആര്‍എസ്എസ്സുകാര്‍ അവിടെ എത്തുന്നത് കത്തിയടക്കമുള്ള മാരകായുധങ്ങളുമായിട്ടാണെന്ന് തൃച്ഛബരം ക്ഷേത്രത്തിലെ അക്രമം തെളിയിക്കുന്നുവെന്നും ജയരാജന്‍ പറഞ്ഞു. എവിടെയും സമാധാനത്തിന്റെ ശത്രുക്കളാണ് ആര്‍എസ്എസ്സുകാരെന്നും പി. ജയരാജന്‍ തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

പി. ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

തൃച്ഛബരം ക്ഷേത്രോല്‍സവവുമായി ബന്ധപ്പെട്ട് നടത്തിയ അക്രമത്തില്‍ അറസ്റ്റിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കീഴാറ്റൂര്‍ വയലിലെ കൊലപാതക ഗൂഡാലോചനയ്ക്ക് കൂടി കേസ് എടുക്കണമെന്ന് ആവശ്യപ്പെടുന്നു.

തൃച്ഛബരം ക്ഷേത്രോല്‍സവത്തിനിടയില്‍ 4 എസ്.എഫ്.ഐ പ്രവര്‍ത്തകരെയാണ് ഈ സംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പിടിയിലായ പ്രതികള്‍ കീഴാറ്റൂര്‍ വയലില്‍ അക്രമം നടത്താന്‍ പദ്ധതിയിട്ടിരുന്നു എന്ന് പോലീസിന് മൊഴി നല്‍കിയതായാണ് മനസ്സിലാക്കുന്നത്.

ഈ ക്രിമിനല്‍ സംഘം താവം ബാറില്‍ വെച്ച് അക്രമം നടത്തുകയും തുടര്‍ന്ന് കീഴാറ്റൂര്‍ വയലില്‍ എത്തുകയുമായിരുന്നു. അവിടെയുള്ള ബസ്സ് ഷെല്‍ട്ടറില്‍ ഇരിക്കുകയായിരുന്ന രതീഷിനെയും മറ്റൊരാളെയും വക വരുത്തുകയായിരുന്നു ഉദ്ദേശ്യം. എന്നാല്‍ അക്രമസംഘം എത്തിയപ്പോള്‍ അവരെ കാണാനാവാതെ നിരാശരായി മടങ്ങുകയായിരുന്നു എന്നാണ് മൊഴി. ലക്ഷ്യമിട്ട രതീഷ് കീഴറ്റൂര്‍ വയല്‍ സമര നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ സഹോദരനാണ്.

ഈ സമരത്തിനെതിരെ സി.പി.ഐ.എം ജനങ്ങളെ അണിനിരത്തിവരികയാണ്. ഇതിന്‍റെ ഫലമായി നാഷണല്‍ ഹൈവേ ബൈപ്പാസിനായി ഇവിടത്തെ മൊത്തം 60 ഭൂ ഉടമകളില്‍ 56 പേരും സ്ഥലം വിട്ടു കൊടുക്കുന്നതിനായി സമ്മതപത്രം നല്‍കിയിരിക്കുകയാണ്. ഇതിനിടയിലാണ് സംഘപരിവാരത്തിന്‍റെ ഭാഗമായ യുവമോര്‍ച്ച സമരത്തിന് വീര്യം പകരാന്‍ എത്തിയത്. നാടാകെ വികസനത്തിന് കൊതിക്കുമ്പോള്‍ വികസന വിരുദ്ധരുടെ പക്ഷം നിന്ന് മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി ശ്രമം. എന്നാല്‍ ജനങ്ങളില്‍ നിന്ന് സമരക്കാര്‍ ഒറ്റപ്പെടുന്നു എന്ന് മനസ്സിലാക്കിയ ആര്‍.എസ്.എസ് നേതൃത്വം അത്യന്തം ക്രൂരമായ നിലയില്‍ ഇരട്ടക്കൊലപാതകം നടത്താനാണ് ആസൂത്രണം ചെയ്തത്.

പദ്ധതി പാളിപ്പോയപ്പോള്‍ പിടിയിലായ പ്രതികള്‍ക്ക് സംഘപരിവാര്‍ ബന്ധമില്ലെന്ന് പ്രസ്തവനയിറക്കി കൈകഴുകയാണ്. എന്നാല്‍ പിടിയിലായ രാകേഷ് ബജ്റംഗദള്‍ പയ്യന്നൂര്‍ ജില്ലാ സമ്പര്‍ക്ക പ്രമുഖ് ആണ്. ജയന്‍ ഉള്‍പ്പെടെ മറ്റെല്ലാവരും ഒടി.സി കഴിഞ്ഞ ആര്‍.എസ്.എസ്സിന്‍റെ അധികാരികളാണ്.

ക്ഷേത്രങ്ങളില്‍ വിശ്വാസികള്‍ എത്തുന്നത് ഭക്തിയോടെയാണെങ്കില്‍ ആര്‍.എസ്.എസ്സുകാര്‍ അവിടെ എത്തുന്നത് കത്തിയടക്കമുള്ള മാരകായുധങ്ങളുമായി ആണെന്ന് തൃച്ഛബരം ക്ഷേത്രത്തിലെ അക്രമം തെളിയിക്കുന്നു. എവിടെയും സമാധാനത്തിന്‍റെ ശത്രുക്കളാണ് ആര്‍.എസ്.എസ്സുകാര്‍.

കീഴാറ്റൂര്‍ വയലില്‍ കൊലപാതകം നടത്തി തളിപ്പറമ്പ് ഉള്‍പ്പെടെ മറ്റു മേഖലകളില്‍ കലാപമായിരുന്നു ആര്‍.എസ്.എസ്സ് പദ്ധതി. അതിന്‍റെ ഭാഗമായി നടത്തിയ നാടകമായിരുന്നു താവത്ത് നടന്നത് എന്നാണ് അനുമാനിക്കേണ്ടത്. ഇതിന്‍റെ പിന്നില്‍ വന്‍ ഗൂഡാലോചനയുണ്ട്. തളിപ്പറമ്പിലെ കാര്യാലയം കേന്ദ്രികരിച്ചുകൊണ്ട് കലാപ ഗൂഡാലോചന നടത്തിയ ആര്‍.എസ്.എസ്സ് നേതാക്കള്‍ക്കെതിരെയും കേസെടുക്കണം.

ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട ബൈപ്പാസ് വിരുദ്ധ സമരത്തില്‍ നിന്ന് അവശേഷിച്ചവര്‍ കൂടി പിന്‍മാറണമെന്നും ആവശ്യപ്പെടുന്നു.