ദളിത്‌ സ്ത്രീകള്‍ക്ക് നേരെ ആക്രമണം; ബിജെപി എംഎല്‍എ യ്‌ക്കെതിരെ പൊലീസ് കേസ്‌

0
84

ഡെറാഡൂണ്‍: ദളിത്‌ സ്ത്രീകളെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത ബിജെപി എംഎല്‍എ യ്‌ക്കെതിരെ പൊലീസ് കേസ്. ഉത്തരാഖണ്ഡിലെ രുദ്രാപൂര്‍ എംഎല്‍എ യായ രാജ്കുമാര്‍ തുക്രാലിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ചയായിരുന്നു ഇയാള്‍ ദളിത്‌ സ്ത്രീകളെ ആക്രമിച്ചത്. തുക്രാലിന്റെ വീടിന് പുറത്തുവെച്ചായിരുന്നു ആക്രമണം. എംഎംഎ യ്ക്ക് പുറമെ രണ്ട് ബിജെപി നേതാക്കളും കേസില്‍ പ്രതികളാണ്.

രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ തുക്രാലിന്റെ വീട്ടില്‍ നടന്ന യോഗത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാം കിഷോര്‍ എന്നയാളുടെ പ്രായപൂര്‍ത്തിയാകാത്ത മകനും ഇവരുടെ ഗ്രാമത്തിലെ തന്നെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയിരുന്നു. ഇതിന്റെ പേരില്‍ രണ്ട് കുടുംബങ്ങളും തമ്മിലുണ്ടായ പ്രശ്നം പറഞ്ഞ് തീര്‍ക്കാനായിരുന്നു യോഗം ചേര്‍ന്നത്.

എന്നാല്‍, ചര്‍ച്ചയ്ക്കിടെ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതില്‍ പ്രകോപിതനായ തുക്രാല്‍ വരന്റെ അമ്മയെയും സഹോദരിമാരെയും ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. വരന്റെ പിതാവായ രാം കിഷോറാണ് തുക്രാലിനും ബിജെപി നേതാക്കള്‍ക്കുമെതിരെ കേസ് നല്‍കിയിരിക്കുന്നത്.

ദളിത്‌ സ്ത്രീകളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂമാധ്യമങ്ങില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. പട്ടികജാതി വര്‍ഗ പീഡനം തടയുന്നതിനുള്ള വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് കുടുംബക്കാരും തമ്മില്‍ വഴക്കിടുകയും സ്ഥിതി ഗതികള്‍ നിയന്ത്രണാധീതമായപ്പോള്‍ അത് പരിഹാരിക്കാന്‍ താന്‍ ഇടപെടുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്നാണ് തുക്രാല്‍ പറയുന്നത്.