ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

0
81

തിരുവനന്തപുരം: കന്യാകുമാരിക്കു തെക്കായി ശ്രീലങ്കയ്ക്കു തെക്കു പടിഞ്ഞാറ് ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തമായി തുടരുകയാണെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതു ശക്തമായ ന്യുനമര്‍ദം ആകുമെന്നാണു സൂചന ലഭിച്ചിരിക്കുന്നത്. അടുത്ത 36 മണിക്കൂറില്‍ ശക്തമാകുന്ന ന്യൂനമര്‍ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കായിരിക്കും സഞ്ചരിക്കുക. തെക്കേ അറേബ്യന്‍ ഉള്‍ക്കടലില്‍ മാല ദ്വീപിനു സമീപമെത്തുമ്പോള്‍ അതീവശക്തി പ്രാപിക്കും.ബുധനാഴ്ച വരെ ഈ മുന്നറിയിപ്പ് നിലനില്‍ക്കും. തെക്കന്‍കേരളത്തില്‍ 14 വരെ കനത്ത മഴ ലഭിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയ്ക്കു പടിഞ്ഞാറും ലക്ഷദ്വീപിനു കിഴക്കും കന്യാകുമാരിക്കും തിരുവനന്തപുരത്തിനും പടിഞ്ഞാറും മാലദ്വീപിനു സമീപവും ഉള്ള തെക്കന്‍ ഇന്ത്യന്‍ കടലില്‍ മത്സ്യബന്ധനം നടത്തരുതെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.