പ്രഭുദേവയുടെ സംവിധാനത്തില്‍ സല്‍മാന്‍ ഖാന്‍ ചിത്രം ദബാംഗിന് മൂന്നാം ഭാഗം വരുന്നു

0
69

സല്‍മാന്‍ ഖാന്‍ ചിത്രം ദബാംഗിന് മൂന്നാം ഭാഗം വരുന്നു. സല്‍മാന്റെ കരിയറിലെ തന്നെ സുപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ദബാംഗ്. ദബാംഗിന്‍റെ മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത് പ്രഭുദേവയാണ്. പ്രഭുദേവ തന്നെയാണ് ഇക്കാര്യം ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത്.

സല്‍മാനും സഹോദരന്‍ അര്‍ബാസിനും വേണ്ടി താന്‍ ഈ ചിത്രം ചെയ്യുകയാണെന്നും എങ്ങനെയാണ് എനിക്ക് അവരോട് ചിത്രം ചെയ്യാന്‍ പറ്റില്ലായെന്ന് പറയാന്‍ സാധിക്കുകയെന്നും പ്രഭുദേവ പറഞ്ഞു. മുന്‍ ഭാഗങ്ങളിലെ താരങ്ങള്‍ തന്നെയായിരിക്കും ചിത്രത്തിലുണ്ടാവുകയെന്നും സംവിധായകനായി താന്‍ മാത്രമാണ് പുതിയതായിട്ടുളളൂവെന്നും പ്രഭുദേവ പറഞ്ഞു. സല്‍മാന്റെ ചുല്‍ബുള്‍ പാണ്ഡെ എന്ന കഥാപാത്രം തിരികെയെത്തുന്നത് തീര്‍ച്ചയായും ആരാധകര്‍ക്ക് ആവേശമാകുമെന്നും പ്രഭുദേവ പറഞ്ഞു.

2010ല്‍ സല്‍മാന്‍ ഖാനെ നായകനാക്കി അഭിനവ് കശ്യപ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ദബാംഗ്. സല്‍മാന്‍ ചുല്‍ബുള്‍ പാണ്ഡെ എന്ന പോലീസ് വേഷത്തിലെത്തിയ ചിത്രത്തില്‍ സൊനാക്ഷി സിന്‍ഹയായിരുന്നു നായിക വേഷത്തിലെത്തിയിരുന്നത്. ആദ്യ ഭാഗത്തിന്റെ വന്‍വിജയം കാരണമാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കുവാന്‍ തീരുമാനിച്ചത്.അര്‍ബാസ് ഖാന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദബാംഗ് 2 വും സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.