ഭൂമി വിവാദം: കര്‍ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരി ഒന്നാം പ്രതി

0
51

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തു. കേസില്‍ കര്‍ദിനാള്‍ ഒന്നാം പ്രതിയാണ്. ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ഭൂമി ഇടനിലക്കാരന്‍ സാജു വര്‍ഗ്ഗീസ് എന്നിവരാണ് മറ്റ് പ്രതികള്‍. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാളിനെതിരെ വൈദികസമിതി രംഗത്ത് വന്നിരുന്നു. കര്‍ദിനാള്‍ നിയമത്തിന് കീഴ്‌പ്പെടണമെന്ന് അന്വേഷണ സമിതി ചെയര്‍മാന്‍ ആവശ്യപ്പെട്ടിരുന്നു. ഉത്തമ ക്രിസ്ത്യാനി ഉത്തമ പൗരനായിരിക്കണമെന്നുമാണ് ഫാദര്‍ ബെന്നി പറഞ്ഞത്. രാജ്യത്തെ  പൗരന്മാർ ഇന്ത്യയിലെ നിയമത്തിന് കീഴ്‍പ്പെടണം. കാനോൻ നിയമവും ഇക്കാര്യം പറയുന്നുണ്ട്. കോടതി നടപടിയിൽ വിയോജിപ്പ് ഉണ്ടെങ്കിൽ നിയമപരമായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

സഭാ ഭൂമി ഇടപാടിൽ വിശ്വാസ വ‌‌ഞ്ചനയും ഗൂഢാലോചനയും നടന്നെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് ചൂണ്ടികാട്ടിയാണ് ഹൈക്കോടതി കര്‍ദിനാള്‍ മാർ ജോര്‍ജ്‌ ആലഞ്ചേരി അടക്കം നാല് പേർക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.

അങ്കമാലി സ്വദേശി മാര്‍ട്ടിനായിരുന്നു ആദ്യ പരാതിക്കാരൻ. ഈ പരാതിയിൽ പൊലീസ്‌ കേസ് എടുക്കാതെ വന്നതോടെയാണ് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് ഹൈക്കോടതിയിലെത്തിയതും അനുകൂല ഉത്തരവ് നേടിയതും. ഇതിൽ ആരുടെ പരാതിയിൽ കേസെടുക്കണം, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കണോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് എജിയെ സമീപിച്ചത്.