രാജ്യത്തെ ജനപ്രതിനിധികള്‍ക്കെതിരെ 3045 കേസുകള്‍; കേസുകളുടെ എണ്ണത്തില്‍ യുപി മുന്നില്‍, തൊട്ടുപിന്നില്‍ കേരളം

0
46

ന്യൂഡല്‍ഹി: രാജ്യത്തെ ജനപ്രതിനിധികള്‍ക്കെതിരെയുളള ക്രിമിനല്‍ കേസുകളുടെ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിക്ക് സമര്‍പ്പിച്ചു. എംപിമാരും എംഎല്‍എ മാരും ചേര്‍ന്ന് ആകെ 4896 ജനപ്രതിനിധികളാണ് ഇന്ത്യയിലുള്ളത്. ഇവരില്‍ 1,765 പേരും വിവിധ ക്രമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. രാജ്യത്തെ 23 ഹൈക്കോടതികളില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാര്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചത്.

കേസുകളുടെ കാര്യത്തില്‍ മുന്നിലുള്ളത് ഉത്തര്‍പ്രദേശാണ്. 248 ജനപ്രതിനിധികള്‍ക്കെതിരെ 565 കേസുകളാണ് ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരളത്തിനാണ് രണ്ടാം സ്ഥാനം. കേരളത്തില്‍ 114 പ്രതിനിധിള്‍ക്കെതിരെ 373 കേസുകളാണ് ഉള്ളത്. തമിഴ്നാട്ടില്‍ 178 പേര്‍ക്കെതിരെ 324 കേസും, ബിഹാറില്‍ 144 പേര്‍ക്കെതിരെ 306 കേസുകളുമാണ് ഉള്ളത്. മണിപ്പൂര്‍, മിസോറാം എന്നിവടങ്ങളിലെ പ്രതിനിധികള്‍ക്കെതിരെ കേസുകള്‍ ഒന്നും തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നവംബറിലാണ് കേന്ദ്ര സര്‍ക്കാരിനോട് സുപ്രിം കോടതി ആവശ്യപ്പെട്ടത്. കോടതി നിര്‍ദേശ പ്രകാരം 2014 മുതല്‍ 2017 വരെയുള്ള കേസുകളുടെ വിവരങ്ങളാണ് ഹൈക്കോടതികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ശേഖരിച്ചത്.

ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കുന്നതിനാണ് ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് ആദ്യമായാണ് ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകളുടെ സമ്പൂര്‍ണ്ണ വിവരം ശേഖരിക്കുന്നത്.