രാജ്യസഭാ തിരഞ്ഞെടുപ്പ്: വി.മുരളീധരന്‍ ഇന്ന് പത്രിക സമര്‍പ്പിക്കും

0
77

മുംബൈ: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശക പത്രിക ഇന്ന് നല്‍കും. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരന്‍ മത്സരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച തീരുമാനം വന്നത്. കേന്ദ്ര നേതൃത്വം ഏര്‍പ്പാടാക്കിയ പ്രത്യേക വിമാനത്തിലാണ് മുരളീധരന്‍ മുംബൈയിലേയ്ക്ക്‌ പോയത്. ഇന്നലെ മുരളീധരന്‍ കര്‍ണാടകയിലായിരുന്നു. പാര്‍ട്ടി തന്നെ രാജ്യസഭയിലേയ്ക്ക്‌ പരിഗണിക്കുന്ന വിവരം അറിഞ്ഞാണ് അദ്ദേഹം കേരളത്തിലെത്തിയത്. 18 രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ക്കാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകാരം നല്‍കിയത്.

തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കുന്നതിനെതിരെ ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ നിലനിന്ന അതൃപ്തിയെ തുടര്‍ന്നാണ് പുതിയ നീക്കം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പോലും അവഗണിച്ച് പദവികള്‍ വീതം വയ്ക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. വാഗ്ദാനം ചെയ്ത പദവികള്‍ നല്‍കിയില്ലെങ്കില്‍ മുന്നണി വിടുമെന്ന് ബിഡിജെഎസും വ്യക്തമാക്കിയിരുന്നു. രണ്ട് എംപിമാരെയും ഒരു കേന്ദ്രമന്ത്രിയേയും
കേരളത്തിന് നല്‍കിയെങ്കിലും പാര്‍ട്ടിയിലെ സജീവ നേതാക്കളെ അവഗണിച്ചതാണ് പ്രധാന പ്രശ്‌നം. തുഷാര്‍ വെള്ളാപ്പള്ളിക്ക് എംപി സ്ഥാനം നല്‍കിയാല്‍ പാര്‍ട്ടി വിടുമെന്ന ഭീഷണിയും ചില നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്.

നാല് വര്‍ഷമായി വാഗ്ദാനം ചെയ്ത പദവികള്‍ ഇനിയും നല്‍കിയിട്ടില്ലെങ്കില്‍ മുന്നണി വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബിഡിജെഎസ്. മാര്‍ച്ച് 14ന്‌
നടക്കുന്ന സംസ്ഥാന നേതൃയോഗത്തില്‍ മുന്നണി ബന്ധം പുനഃപരിശോധിക്കുമെന്നും ബിഡിജെഎസ് വ്യക്തമാക്കിയിട്ടുണ്ട്.