രാജ്യസഭാ സീറ്റ് കിട്ടിയില്ലെങ്കിലും തത്ക്കാലം ബിഡിജെഎസ്  ഇടയില്ല; എന്‍ഡിഎയില്‍ തുടര്‍ന്നേക്കും 

0
268

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ  തഴഞ്ഞു വി.മുരളീധരനു രാജ്യസഭാ സീറ്റ് നല്‍കിയതില്‍ കടുത്ത അമര്‍ഷമുണ്ടെങ്കിലും ബിഡിജെഎസ് തത്ക്കാലം എന്‍ഡിഎ മുന്നണി വിടില്ല. സ്ഥിതിഗതികള്‍ സസൂക്ഷ്മം വീക്ഷിച്ച് അവര്‍ കുറച്ച് കാലം കൂടി എന്‍ഡിഎയില്‍ തന്നെ തുടര്‍ന്നേക്കും.

വി.മുരളീധരന് സീറ്റ് നല്‍കിയത് ബിജെപിയിലെ ഗ്രൂപ്പ് വഴക്കുകളുടെ ഭാഗമാണെന്നാണ് ബിഡിജെഎസ് കരുതുന്നത്. രാജ്യസഭാ സീറ്റിലേയ്ക്ക്‌ ബിജെപി സംസ്ഥാന നേതൃത്വം വേറെ ചില പേരുകള്‍ ആണ് നല്‍കിയിരുന്നത്. അത് പരിഗണിക്കാതെയാണ് കേന്ദ്ര നേതൃത്വം വി.മുരളീധരന് ഏകപക്ഷീയമായി സീറ്റ് നല്‍കിയിരിക്കുന്നത്. ഇത് ബിജെപി ഗ്രൂപ്പ് വഴക്കുകളുടെ തുടര്‍ച്ചയാണെന്നാണ് ബിഡിജെഎസ് നേതൃത്വം പറയുന്നത്.

ഈ രാജ്യസഭാ സീറ്റ് ബിജെപിയിലെ ഗ്രൂപ്പ് വഴക്കുകള്‍ ഇനിയും ആളിക്കത്തിക്കും എന്നും ബിഡിജെഎസ് നേതൃത്വം കരുതുന്നുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെ ചില നിര്‍ബന്ധങ്ങള്‍  ബിഡിജെഎസ് നേതൃത്വത്തിനുണ്ട്‌. തുഷാര്‍ വെള്ളാപ്പള്ളിക്ക് ബിജെപി അധ്യക്ഷന്‍ അമിത് ഷാ വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റ് നല്‍കണം എന്ന കാര്യത്തില്‍ ബിഡിജെഎസ് നിര്‍ബന്ധം പിടിക്കും.

കര്‍ണാടകയില്‍ വെച്ച്‌ അമിത് ഷായെ നേരിട്ട് കണ്ടപ്പോള്‍ ഷാ തന്നെ തുഷാര്‍ വെള്ളാപ്പള്ളിക്ക് വാഗ്ദാനം ചെയ്ത സീറ്റാണ്. ബിഡിജെഎസിന് പദവി നല്‍കുമ്പോള്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ അവഗണിക്കരുതെന്നും അല്ലെങ്കില്‍ ഒരു കൂട്ടം നേതാക്കള്‍ക്ക് ബിജെപിയില്‍ നിന്നും രാജിവെയ്‌ക്കേണ്ടിവരുമെന്നും അമിത് ഷാ കര്‍ണാടകയില്‍ ഉള്ളപ്പോള്‍ തന്നെ  ഒരുന്നത ബിജെപി നേതാവ് നേരില്‍ക്കണ്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആ മുന്നറിയിപ്പ് കണക്കിലെടുത്താണ് മുരളീധരന് ബിജെപി രാജ്യസഭാ സീറ്റ് നല്‍കിയതെന്നാണ്‌ ബിഡിജെഎസ് കരുതുന്നത്. മുരളീധരന്റെ രാജ്യസഭാ സീറ്റ്  ബിഡിജെഎസ്സിനോടുള്ള വെല്ലുവിളിയായി പാര്‍ട്ടി കരുതുന്നുമില്ല.

നാളികേര വികസന ബോര്‍ഡ്, സ്പൈസസ് ബോര്‍ഡ്‌, അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍, നാഷണല്‍ ബാങ്ക് ബോര്‍ഡ് എന്നിങ്ങനെ 12 ബോര്‍ഡുകളിലേയ്ക്കാണ്‌
ബിഡിജെഎസ് നേതൃത്വത്തിനു പദവികള്‍ അമിത് ഷാ വാഗ്ദാനം ചെയ്തിട്ടുള്ളത്. ഈ ബോര്‍ഡുകളില്‍ ഇതുവരെ ആരും വന്നിട്ടില്ല. ആരെയും നിയമിച്ചിട്ടില്ല.

ബിഡിജെഎസ് നേതൃത്വത്തിനു അമിത് ഷാ വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റും ഒപ്പം
കേന്ദ്ര പൊതുമേഖലാ-കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും ബിജെപി നേതാക്കള്‍ക്ക് നല്‍കിയാല്‍ ബിഡിജെഎസ് എന്‍ഡിഎ വിടും. പക്ഷെ ബിജെപി കേന്ദ്ര നേതൃത്വം ഇതുവരെ അതിനു തയ്യാറായിട്ടില്ല.

എന്നാല്‍ ബിഡിജെഎസിന് നല്‍കാമെന്നു പറഞ്ഞ സ്ഥാനങ്ങള്‍ വേറെ ആര്‍ക്കും നല്കിയിട്ടുമില്ല. ഇക്കാര്യത്തില്‍ പക്ഷെ ബിഡിജെഎസിനുള്ളില്‍ തന്നെ ആശയക്കുഴപ്പമുണ്ട്. ബിഡിജെഎസിന് നല്‍കാം എന്ന് പറഞ്ഞ സ്ഥാനങ്ങള്‍ നല്‍കാതിരിക്കുന്നതിനു പിന്നില്‍ ബിജെപിയിലെ ശക്തമായ ഗ്രൂപ്പ് വഴക്കാണ് എന്നാണ് ബിഡിജെഎസ് നേതൃത്വം കരുതുന്നത്. ഒരുന്നത ബിഡിജെഎസ് നേതാവ് ഈ സൂചന തന്നെയാണ് 24 കേരളയ്ക്ക് നല്‍കിയത്.

അമിത് ഷായും മോദിയും ഉത്തരേന്ത്യയില്‍ അവലംബിക്കുന്ന രാഷ്ട്രീയ തന്ത്രങ്ങള്‍
ബിഡിജെഎസിന് സ്വീകാര്യമാണ്. ത്രിപുരയില്‍ വരെ ബിജെപി പയറ്റിയ രാഷ്ട്രീയ തന്ത്രങ്ങളില്‍ ബിഡിജെഎസിന് വിശ്വാസമുണ്ട്‌. പക്ഷെ ആ തന്ത്രങ്ങള്‍ എന്തുകൊണ്ട് കേന്ദ്രത്തില്‍ പയറ്റുന്നില്ല എന്നാണു ബിഡിജെസിനുള്ളില്‍ ചര്‍ച്ചകള്‍. ബിഡിജെഎസ് പോലെ കേരളത്തില്‍ ബഹുജന മുന്നേറ്റത്തിനു ബിജെപിയെ പ്രാപ്തമാക്കാന്‍ കഴിവുള്ള ഒരു പാര്‍ട്ടിയെ ഒഴിവാക്കി നിര്‍ത്തുന്നതില്‍ എന്ത് യുക്തിയാണ് ബിജെപിയ്ക്കുള്ളത് എന്നാണ് ബിഡിജെഎസിനുള്ളില്‍ തന്നെ ഉയരുന്ന ചോദ്യം.

എന്‍ഡിഎ ബന്ധം വിച്ഛേദിക്കുക എന്ന കടുത്ത തീരുമാനത്തിലേയ്ക്ക്‌ മാര്‍ച്ച് 14ന്‌
ചേരുന്ന ബിഡിജെഎസ് സംസ്ഥാന നേതൃയോഗം എത്തിച്ചേരാനുള്ള സാധ്യത വിരളമാണ്.