വലിയൊരു ജനക്കൂട്ടത്തിന് നടുക്ക് ഒരു വന്യജീവിയെ കൊണ്ടു വന്നു നിര്‍ത്തുന്നതില്‍ എന്തു സന്തോഷമാണ് ഉള്ളത്?

0
89

ശ്രീചിത്രന്‍ എം.ജെ

കുറേ എഫ് ബി പ്രൊഫൈലുകളിൽ ഇന്ന് കണ്ണീർപ്രളയമാണ്. തിരുവമ്പാടി ശിവസുന്ദർ എന്നൊരു ആനയുണ്ടായിരുന്നു, അതു ചെരിഞ്ഞു. അതാണ് പ്രശ്നം.

ഈ കണ്ണീർസംഘം ആനയെ ആന എന്നു വിളിക്കാറില്ല, ‘ഗജരാജൻ ‘ ‘മാതംഗചക്രവർത്തി’ ‘ഏകഛത്രാധിപതി’ ‘ഗജസാമ്രാട്ട്’ എന്നൊക്കെയാണ്. ഇപ്പോൾ ജീവൻ പോയ ആ പാവം മൃഗത്തെയും ഈ പേരുകൾ ചേർത്താണ് പോസ്റ്റുകൾ. ‘കാലം ചെയ്തു ‘, ‘തീപ്പെട്ടു ‘, ‘സ്വർഗാരോഹണം ചെയ്തു ‘ വരെയാണ് മരണവിശേഷണങ്ങൾ. കഷ്ടം തന്നെ മുതലാളീ, കഷ്ടം തന്നെ.

ഇതൊക്കെ ആനയോട് പ്രേമമായിട്ടാണ് എന്നാണ് അവകാശവാദം. ഇവരെയൊക്കെ ആനപ്രേമികൾ എന്നല്ല, ആനവൈരികൾ എന്നാണ് വിളിക്കേണ്ടത്. ആനയോട് ഇത്രയും ശത്രുതയുള്ള ആരുമില്ല. കാട്ടിലൂടെ സ്വൈരവിഹാരവും സ്വാഭാവികജീവിതവും നടത്തിപ്പോരുന്ന ഒരു ജീവിയെ തല്ലിയും കുത്തിയും മെരുക്കി, തങ്ങളുടെ ഇഷ്ടത്തിന് കൊടും വെയിലത്ത് തോട്ടിചാരി നിർത്തി, ആനയൂട്ടിനു ദഹിക്കാത്ത ഭക്ഷണവും ആനയോട്ടത്തിന്റെ ജീവന്മരണപ്പാച്ചിലിനു കയ്യടിയും കൊടുത്ത്, ഒരു കണ്ണ് കുത്തിപ്പൊട്ടിച്ചും കാലിൽ മാറാവ്രണമുണ്ടാക്കിയും പീഡിപ്പിച്ച്, അവസാനം ആനയുടെ സ്വാഭാവികജീവിതത്തിൽ വരാനൊരിക്കലും സാധ്യതയില്ലാത്ത രോഗം വന്നു അതു ചത്തുപോകുമ്പോൾ ആ പാവത്തിനെ ‘ചക്രവർത്തി ‘ ‘സാമ്രാട്ട് ‘ എന്നൊക്കെ വിളിച്ചു പോസ്റ്റിട്ടു കണ്ണീരൊഴുക്കുന്നവർ ആണ് ആനപ്രേമികൾ. ഈ സത്യം പറയുന്നവർ ഒക്കെ ആനയോട് സ്നേഹമില്ലാത്തവർ. എന്തൊരു സ്നേഹം !

കേരളത്തിലെ ഏറ്റവും പ്രാകൃതമായ ഉത്സവരീതികളിൽ ഒന്നാണ് നാം സ്വാഭാവികമെന്ന് കരുതുന്ന ഈ ആനയെഴുന്നള്ളിപ്പ്. കഴിഞ്ഞ ദിവസമാണ് ഏറ്റുമാനൂരിൽ ഇടഞ്ഞ ആനയുടെ മുകളിൽ ഇരിക്കുന്ന ഒരു മനുഷ്യനെ മുകളിൽ നിന്ന് വലിച്ചെടുത്തു രക്ഷിക്കേണ്ടി വരുന്ന ഒരു ഭീകരദൃശ്യം കണ്ടത്. ഇത്രയും വലിയൊരു ജനക്കൂട്ടത്തിന് നടുക്ക് ഒരു വന്യജീവിയെ കൊണ്ടു വന്നു നിർത്തുന്നതിൽ എന്തു മുരിങ്ങയാണ് സന്തോഷിക്കാൻ ഉള്ളതെന്ന് ആധുനികമനുഷ്യനു മനസ്സിലാവില്ല.

ചത്തുപോയ പാവം മൃഗത്തിനോട്, സഞ്ജയന്റെ ഭാഷയിൽ, ‘മൃഗമേ, മാപ്പ് ‘.

ഉളുപ്പില്ലാത്ത അഖിലകേരള ആനവൈരിസംഘത്തിനോട് പുച്ഛവും.”