വാറ്റു കേന്ദ്രത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ അറുപതുകാരന്‍ അറസ്റ്റില്‍

0
55


മൂന്നാര്‍: ചാരായ വാറ്റു കേന്ദ്രത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ അറുപതുകാരന്‍ വാറ്റുപകരണങ്ങളുമായി അറസ്റ്റിലായി. ആറാംമൈല്‍ സ്വദേശി പൊന്നപ്പനാണ് (60) അറസ്റ്റിലായത്. രാവിലെ 9 മണിയോടെ മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സംഘം ദേവികുളം താലൂക്കിലെ മാങ്കുളം വില്ലേജില്‍ ആറാംമൈലില്‍ നടത്തിയ പരിശോധനയിലാണ് സംഭവം.

ഇയാള്‍ വീടിനു സമീപം വാറ്റുചാരായം നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് ഒരു മാസത്തോളമായി എക്‌സൈസ് ഷാഡോ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വാറ്റുചാരായ നിര്‍മ്മാണം നടന്നെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ പൊന്നപ്പന്റെ വീടും പരിസരവും റെയ്ഡ് നടത്തിയത്.

ഇയാളില്‍ നിന്നും വാറ്റുചാരായ നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന 70 ലിറ്റര്‍ കോട, വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 5 ലിറ്റര്‍ വാറ്റുചാരായം, വാറ്റുപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. ഒരു ലിറ്റര്‍ ചാരായം 750 രൂപ നിരക്കിലാണ് പരിസരവാസികള്‍ക്കും മാങ്കുളത്തെത്തുന്ന ടൂറിസ്റ്റുകള്‍ക്കും ഇയാള്‍ വില്‍പന നടത്തിയിരുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇയാള്‍ മുന്‍പ് അബ്കാരി കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്.

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബു എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ എസ്.ബാലസുബ്രഹ്മണ്യന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.സി.നെബു, ബിജു മാത്യു, കെ.എസ്.മീരാന്‍, അരുണ്‍ ബി.കൃഷ്ണന്‍, ജോളി ജോസഫ്, ജോസഫ്.കെ.പി എന്നിവരും പങ്കെടുത്തു. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.