വീരേന്ദ്രകുമാറിന്റെ രാജ്യസഭാ സീറ്റ് ഇടതുമുന്നണി ശക്തിപ്പെടുത്തുന്നതിനുള്ള സിപിഎമ്മിന്റെ ആദ്യശ്രമം: ബാലകൃഷ്ണപിള്ള

0
227

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നല്‍കാനുള്ള ഇടതുമുന്നണിയുടെ തീരുമാനം ന്യായമാണെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള 24 കേരളയോടു പറഞ്ഞു. ഇടതുമുന്നണി ശക്തിപ്പെടുത്താന്‍ സിപിഎം നടത്തുന്ന പ്രാരംഭപ്രവര്‍ത്തനമായി ഇതിനെ കാണാമെന്നും  ബാലകൃഷ്ണപിള്ള പറഞ്ഞു.

ഇടതുമുന്നണിയില്‍ ഇനി കക്ഷികളെ  എടുക്കുമ്പോള്‍ എല്ലാം ഒരുമിച്ച് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ആദ്യം അകത്ത് നില്‍ക്കുന്നവരെ എടുത്തിട്ടു മാത്രം മതി പുറത്ത് നില്‍ക്കുന്നവരെ എടുക്കാന്‍ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞിട്ടുണ്ട്.

അകത്ത് നില്‍ക്കുന്നവരെ എല്ലാം പരിഗണിക്കും എന്ന് ഇടതുമുന്നണി തന്നെ മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി സ്ഥാനം വേണ്ട എന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. വെറും മുന്നണി പ്രവേശനം മാത്രമെ ആവശ്യപ്പെട്ടിട്ടുള്ളൂ. മുന്നണി പ്രവേശനം ആവശ്യമാണ്. പക്ഷെ വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നല്‍കുന്നത് പോലെയല്ല ജെഡിയുവിനെ മുന്നണിയില്‍ എടുക്കുന്നത്.

ഞങ്ങള്‍ ചില കക്ഷികള്‍ മുന്നണിക്ക്‌ അകത്തുണ്ട്. അവരെ എടുത്ത ശേഷം മാത്രമെ
ജെഡിയുവിനേയും എടുക്കാന്‍ പാടുള്ളൂ. ഞങ്ങള്‍ ഇപ്പോഴല്ല വളരെ മുന്‍പ് തന്നെ ഇടതുമുന്നണിയുമായി സഹകരിക്കുന്ന കക്ഷിയാണ്. ഇവര്‍ യുഡിഎഫില്‍ പോയി വരുന്ന വഴിയാണ്. അപ്പോള്‍ അവരെ എടുക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസ് (ബി)യ്ക്കും ഇടതുമുന്നണി പ്രവേശനം നല്‍കണം –  ബാലകൃഷ്ണ പിള്ള  ആവശ്യപ്പെട്ടു.

ഇപ്പോള്‍ ജെഡിയു വന്നത് ഇടതുമുന്നണിയുമായി സഹകരിക്കുന്ന ഒരു കക്ഷി മാത്രമാണ്. അല്ലാതെ നേരിട്ട് ഇടതുമുന്നണിയിലേയ്ക്ക്‌ കയറുകയല്ലല്ലോ. കേരള കോണ്‍ഗ്രസ് പോലെ ഇടതുമുന്നണിയുമായി സഹകരിക്കുന്ന ഒരു കക്ഷി എന്ന പദവി  മാത്രമാണ് ജെഡിയുവിനു നിലവിലുള്ളത്.

തിങ്കളാഴ്ച രാവിലെ വീരേന്ദ്രകുമാര്‍ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഈ ഘട്ടത്തിലാണ്‌ വീരേന്ദ്രകുമാറിന്റെ രാജ്യസഭാ സീറ്റിനെ ന്യായീകരിച്ചും എന്നാല്‍ ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശനത്തെ എതിര്‍ത്തും ബാലകൃഷ്ണപിള്ള വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇതുപോലെ ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റു ഘടകകക്ഷികള്‍ക്കും പിള്ളയുടെ സമാന അഭിപ്രായമാണുള്ളത്.