സിപിഎമ്മിനെതിരെയാണ് ഞങ്ങളുടെ പോരാട്ടം, ഏത് നിമിഷവും എന്തും സംഭവിക്കാം: കെ.കെ.രമ

0
277

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: ആര്‍എംപിയുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് സിപിഎം പ്രതിരോധത്തിലാകുന്നു എന്നതിന്റെ സൂചനകളാണ് ആർഎംപി കെ.കെ. രമയുടെ മാത്രം പാർട്ടിയായി മാറിയെന്ന  കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയെന്നു  രമ 24 കേരളയോട് പറഞ്ഞു.

ഇപ്പോള്‍ സിപിഎം എന്നെ പേരെടുത്ത് പറഞ്ഞു ആക്രമിക്കുന്നു. മുന്‍പ് ടി.പി.ചന്ദ്രശേഖരനെയും അവര്‍ പേരെടുത്ത് പറഞ്ഞു ആക്രമിച്ചിരുന്നു. അതിനു ശേഷം അവര്‍ ടിപിയെ വധിച്ചു. അവര്‍ ഇപ്പോള്‍ എനിക്ക് നേരെ തിരിഞ്ഞിരിക്കുന്നു. ഞങ്ങള്‍ പോരാടുന്നത് സിപിഎമ്മിനെതിരെയാണ് എന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ ഏത് നിമിഷവും എന്തും സംഭവിക്കാം. സിപിഎം പറഞ്ഞാല്‍ അതില്‍ നമുക്ക് എന്തും കാണാം. സിപിഎം പറയുന്നത് എങ്ങിനെ വേണമെങ്കിലും എടുക്കാം. പക്ഷെ ഞങ്ങള്‍ ഭയപ്പെടുന്നില്ല. ഇതൊരു രാഷ്ട്രീയ പോരാട്ടമാണ്.

സിപിഎമ്മിനെതിരെയുള്ള രാഷ്ട്രീയ പോരാട്ടം. എന്തൊക്കെ സംഭവിച്ചാലും അതുമായി ഞങ്ങള്‍ മുന്നോട്ടുപോകും – രമ വ്യക്തമാക്കി. പക്ഷെ കെ.കെ.രമ ഇപ്പോള്‍ സിപിഎമ്മിനെ അസ്വസ്ഥമാക്കുന്നു. ആ അസ്വസ്ഥതയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ കോടിയേരി പ്രകടിപ്പിക്കുന്നത്. ആ അസ്വസ്ഥതയാണ്‌ ടി.പി.വധത്തില്‍ കലാശിച്ചത്. ടി.പിയെ അവര്‍ ലക്ഷ്യം വെച്ചു. ഇല്ലാതാക്കി. ഇതാണ് സിപിഎം രീതി.

ഇപ്പോള്‍ ഞങ്ങള്‍ ഇടതുപക്ഷ രാഷ്ട്രീയം തന്നെ പിന്തുടരുന്നതാണ് സിപിഎമ്മിനെ വിറളി പിടിപ്പിക്കുന്നത്. ഞങ്ങള്‍ യുഡിഎഫിലേയ്ക്ക്‌ പോയാല്‍ സിപിഎമ്മിന്റെ അസ്വസ്ഥതകള്‍ അവസാനിക്കും. അതിനാണ് സിപിഎം പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത്.

പക്ഷെ ഞങ്ങള്‍ ആര്‍എംപിയുടെ രാഷ്ട്രീയം തന്നെ, അതായത് ഇടതുപക്ഷ രാഷ്ട്രീയം തന്നെ പിന്തുടരും. ഞങ്ങള്‍ യുഡിഎഫിന്‍റെ ഭാഗമാകുന്നില്ല എന്നതാണ് സിപിഎമ്മിനെ അസ്വസ്ഥമാക്കുന്നത്. ഞങ്ങള്‍ ശക്തമായ കമ്യൂണിസ്റ്റ്‌ രാഷ്ട്രീയം തന്നെ പിന്തുടരുന്നു. ഇത് സിപിഎമ്മിന് വെല്ലുവിളിയാണ്.

സിപിഎമ്മിന്റെ വെല്ലുവിളികള്‍ തുടര്‍ന്നിട്ടും ആര്‍എംപിയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഞങ്ങളാണെങ്കില്‍
യുഡിഎഫിന്‍റെ ഭാഗവുമാകുന്നില്ല. ഇതുകൊണ്ട് തന്നെ അവര്‍ നിരന്തരം ഞങ്ങള്‍ക്കെതിരെ സംസാരിച്ചു കൊണ്ടിരിക്കുന്നു.

സിപിഎം കൊലപാതകികള്‍ക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്യുന്നു. നിയമവിരുദ്ധമായി പരോള്‍ അനുവദിക്കുന്നു. ഇതിനെതിരെ സെക്രട്ടറിയേറ്റ് നടയില്‍ ഞങ്ങള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു. ഇത് സിപിഎമ്മിനെ ക്ഷുഭിതരാക്കുന്നു. ആര്‍എംപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം കള്ളക്കേസ് എടുപ്പിക്കുന്നു. ഇതും ഞങ്ങളുടെ പ്രതിഷേധം ജ്വലിപ്പിക്കുന്നു.

ഇതെല്ലാം വലിയ രാഷ്ട്രീയ തിരിച്ചടിയായാണ്‌ സിപിഎം കണക്കുകൂട്ടുന്നത്. സിപിഎമ്മിന്റെ കൊലപാതക, ആക്രമ രാഷ്ട്രീയത്തിനെതിരെ കേരളത്തിന്റെ പൊതുസമൂഹം മുഴുവനും ഒപ്പമുണ്ട്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള ആര്‍എംപിയുടെ പ്രക്ഷോഭം നിയമസഭയിലും അലയൊലികള്‍ ഉണ്ടാക്കുന്നു.

ഇതും സിപിഎമ്മിന് പ്രശ്നമാണ്. അവര്‍ ആര്‍എംപിക്കെതിരെ, എനിക്ക് എതിരെ വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു-രമ പറഞ്ഞു.

ഈ കഴിഞ്ഞ ദിവസമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആര്‍എംപിയ്ക്കും രമയ്ക്കും എതിരെ ശക്തമായി രംഗത്തുവന്നത്‌. ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരൻ പാർട്ടി വിരുദ്ധനായിരുന്നില്ലെന്നാണ് കോടിയേരി പറഞ്ഞത്. പ്രശ്നം തീർന്നാൽ സിപിഎമ്മിനോട് അടുക്കാൻ ചന്ദ്രശേഖരൻ ആഗ്രഹിച്ചിരുന്നു. സിപിഎം നശിക്കണമെന്നു ടി.പിക്ക് താൽപര്യമുണ്ടായിരുന്നില്ല. ആർഎംപിയെ കോൺഗ്രസ് കൂടാരത്തിലെത്തിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ഇന്ന് ആർഎംപി കെ.കെ.രമയുടെ മാത്രം പാർട്ടിയായി മാറിയിരിക്കുന്നു – ആര്‍എംപിയ്ക്കെതിരെ അതിനിശിതമായ വിമര്‍ശനം ഉയര്‍ത്തിയ കോടിയേരി പറഞ്ഞിരുന്നു.