ആരോഗ്യപരമായ വിനോദത്തിന് ‘രാത്രി ജീവിതം’ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി മുന്നോട്ട് വച്ച് കണ്ണന്താനം

0
60

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ‘രാത്രി ജീവിതം’ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇതിന്റെ ഭാഗമായി രാത്രികാലങ്ങളില്‍ റെസ്റ്റോറന്റുകളും മാര്‍ക്കറ്റുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. എന്നാല്‍ രാത്രി ജീവിതം കൊണ്ട് നെറ്റ് ക്ലബുകളെ മാത്രമല്ല ആരോഗ്യപരമായ വിനോദം കൂടിയാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വൈകുന്നേരങ്ങളില്‍ സ്മാരകങ്ങളെ കേന്ദ്രീകരിച്ചുള്ള വിനോദപരിപാടികളാണ് വേണ്ടത്. രാത്രികാലങ്ങളില്‍ സ്മാരകങ്ങളെ ദീപങ്ങള്‍കൊണ്ട് അലങ്കരിച്ച് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ടൂറിസം മന്ത്രാലയം പദ്ധതികള്‍ ഒരുക്കുന്നുണ്ട്. 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആരോഗ്യപരമായ ടൂറിസമാണ് മന്ത്രാലയം വിഭാവനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

രാത്രി ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് നൈറ്റ് ക്ലബുകള്‍. സ്മാരകങ്ങളിലെ ടിക്കറ്റ് നിരക്ക് കൊണ്ടുമാത്രം സര്‍ക്കാരിന് വരുമാനമുണ്ടാകില്ല. അതിന് ഇത്തരം കേന്ദ്രങ്ങളില്‍ വിനോദപരിപാടികള്‍ ഉണ്ടാകണം. രാത്രികാലങ്ങളില്‍ സ്മാരകങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ക്കിയോളജിക്കാല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുമായി ചര്‍ച്ച നടത്തിവരികയാണെന്നും ടൂറിസം സെക്രട്ടറി രശ്മി വര്‍മ്മ പറഞ്ഞു. ലോക ടൂറിസം എക്സിബിഷനില്‍ പങ്കെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.