ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി; ഇന്ന് റദ്ദാക്കിയത് 47 വിമാനങ്ങള്‍

0
55

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി. എ320 നിയോ വിഭാഗത്തില്‍പ്പെട്ട വിമാനങ്ങള്‍ക്ക് എന്‍ജിന്‍ തകരാറുകള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഇന്‍ഡിഗോ, ഗോഎയര്‍ കമ്പനികളുടെ വിമാനങ്ങള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) പറക്കല്‍ അനുമതി നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. ബഡ്ജറ്റ് എയര്‍ലൈനുകളായ ഇന്‍ഡിഗോയുടെ എട്ടും ഗോഎയറിന്റെ മൂന്നും വിമാനങ്ങള്‍ക്കാണ് പറക്കല്‍ അനുമതി നിഷേധിച്ചത്. ഇന്‍ഡിഗോ മാത്രം ചുരുങ്ങിയത് 47 ഫ്ളൈറ്റുകള്‍ റദ്ദാക്കിയതായി ഔദ്യോഗിക വെബ്സൈറ്റില്‍ അറിയിപ്പു നല്‍കിയിട്ടുണ്ട്.

എന്നാല്‍ വിമാനം റദ്ദാക്കിയതറിയാതെ യാത്രക്ക് തയ്യാറായെത്തിയ നിരവധി പേര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഒരു വിമാനം ഒരു ദിവസം ശരാശരി എട്ടു സര്‍വീസുകള്‍ നടത്തുന്നുണ്ടെന്നാണ് കണക്ക്. ഇവ രാജ്യത്തിനകത്തും പുറത്തേക്കുമുള്ള വിവിധ സര്‍വീസുകളാണ്. പലതും കണക്ഷന്‍ ഫ്ളൈറ്റുകളാണ് എന്നതും യാത്രക്കാരെ വെട്ടിലാക്കി. പകരം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കമ്പനികള്‍ വാഗ്ദാനം ചെയ്തെങ്കിലും നടപ്പായില്ലെന്നാണ് യാത്രക്കാരുടെ പ്രതികരണം.

എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് എ320 നിയോ വിഭാഗത്തില്‍പ്പെട്ട ഒരു വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിലിറക്കിയതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഡി.ജി.സി.എ യുടെ തീരുമാനം. പ്രാറ്റ്, വിറ്റ്‌നി സീരീസുകളില്‍പ്പെട്ട എന്‍ജിനുകളുള്ള വിമാനങ്ങളാണ് താഴെയിറക്കിയത്. കമ്പനികളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അടിയന്തരമായിത്തന്നെ സാഹചര്യം പരിശോധിക്കുമെന്നും ഡി.ജി.സി.എ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇ.എസ്.എന്‍. 450 സീരിയല്‍ നമ്പറിലുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച വിമാനങ്ങളാണ് താഴെയിറക്കിയത്. അത്തരത്തിലുള്ള വിമാനങ്ങള്‍ക്ക് ഫെബ്രുവരി ഒമ്പതിനു തന്നെ യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. എന്‍ജിന്‍ തകരാറുകള്‍ നിരന്തരമായി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നായിരുന്നു അത്. അത്തരം എന്‍ജിനുകളുള്ള വിമാനങ്ങള്‍ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഫെബ്രുവരി 13-ന് ഡി.ജി.സി.എയും വ്യക്തമാക്കിയിരുന്നു.