കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്താതിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം കേരളത്തില്‍ നടക്കുന്നു; കുമ്മനം

0
57

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ ആനുകൂല്യം കിട്ടേണ്ടത് ഈ നാട്ടിലെ എല്ലാവരുടേയും അവകാശമാണെന്നും, എന്നാല്‍ ഇത് ജനങ്ങളിലേക്ക് എത്താതിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം കേരളത്തില്‍ നടക്കുന്നുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ചെങ്ങന്നൂരില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളെ കുറിച്ചുള്ള ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുമ്മനം.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കേണ്ടത് ഈ നാട്ടിലെ ഓരോരുത്തരുടേയും അവകാശമാണ്. എന്നാല്‍, ഇത് ജനങ്ങളിലേക്ക് എത്താതിരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം കേരളത്തില്‍ നടക്കുന്നുണ്ട്. ഇത് ജനങ്ങളിലേക്ക് എത്തിക്കേണ്ടത് ഓരോ ബിജെപി പ്രവര്‍ത്തകന്റെയും കടമയാണ്. കേന്ദ്രപദ്ധതികളെപ്പറ്റി വ്യാജ പ്രചരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നത്. ഇത് മറികടക്കാനുള്ള ശ്രമം ബിജെപി പ്രവര്‍ത്തകര്‍ നടത്തണം. ഇതിനായി വീടുകള്‍ കയറിയുള്ള പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കണം. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനം കിട്ടുന്ന പദ്ധതികള്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും കുമ്മനം വ്യക്തമാക്കി.

ദളിതര്‍, പിന്നാക്കക്കാര്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗം, സ്ത്രീകള്‍, പെണ്‍കുട്ടികള്‍, തൊഴിലില്ലാത്ത ചെറുപ്പക്കാര്‍, വിരമിച്ചയാള്‍ക്കാര്‍, രോഗബാധിതര്‍, ഭിന്നശേഷിക്കാര്‍, ഭവന രഹിതര്‍, വൈദ്യുതി പാചക വാതകം ഇല്ലാത്തവര്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനം കിട്ടുന്ന പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. എന്നാല്‍, ഇവയൊന്നും ജനങ്ങളിലേക്ക് എത്താതിരിക്കാന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടലുകളാണ് കേരളത്തില്‍ നടക്കുന്നതെന്നും രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ക്ക് ഇവയുടെ പ്രയോജനം കിട്ടാന്‍ ആവശ്യമായ നടപടികള്‍ പ്രവര്‍ത്തകര്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം.വി ഗോപകുമാര്‍, ജില്ലാ ട്രഷറര്‍ കെ.ജി കര്‍ത്താ, നിയോജക മണ്ഡലം അധ്യക്ഷന്‍ സജു ഇടക്കല്ലില്‍, ജനറല്‍ സെക്രട്ടറിമാരായ സജു കുരുവിള, സതീഷ് ചെറുവല്ലൂര്‍, ജില്ലാ സെക്രട്ടറി ശ്യാമള കൃഷ്ണകുമാര്‍, സംസ്ഥാന സമിതി അംഗം ജി. ജയദേവ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.