ചന്ദ്രയാന്‍-2 ഉപഗ്രഹം ഏപ്രിലില്‍ വിക്ഷേപിക്കും

0
80

ഐ.എസ്.ആര്‍.ഒ. വികസിപ്പിച്ച ചന്ദ്രയാന്‍-2 ഉപഗ്രഹം ഏപ്രിലില്‍ വിക്ഷേപിക്കുമെന്ന് ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ അറിയിച്ചു. ഏതെങ്കിലും സാഹചര്യത്തില്‍ ഏപ്രിലില്‍ വിക്ഷേപണം സാധ്യമായില്ലെങ്കില്‍ ഒക്ടോബറില്‍ വിക്ഷേപണം നടത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ചന്ദ്രയാന്‍-2 ന് ഒപ്പം വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-6 ഉം (ജി.എസ്.എല്‍.വി.-എഫ്.08) വിക്ഷേപണത്തിന് ഒരുങ്ങുന്നുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.

ചാന്ദ്രപ്രതലം സൂക്ഷ്മമായി വിശകലനം ചെയ്യാന്‍ കഴിവുള്ള ഉപഗ്രഹമാണിത്. ഭ്രമണപഥത്തില്‍ ചന്ദ്രനെ ചുറ്റിസഞ്ചരിക്കുന്ന ഒരു പേടകം (ഓര്‍ബിറ്റര്‍), ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ലാന്‍ഡര്‍, ചാന്ദ്രപ്രതലത്തില്‍ പര്യവേഷണം നടത്തുന്നതിനുള്ള ആറുചക്ര റോവര്‍ എന്നീ മൂന്ന് ഘടകങ്ങള്‍ അടങ്ങിയതാണ് ചന്ദ്രയാന്‍-2 ഉപഗ്രഹം.