ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണം: 9 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

0
56

റായ്പൂര്‍: ഛത്തീസ്ഗഢിലെ മാവോവാദി ആക്രമണത്തില്‍ 9 ജവാന്മാര്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ കിസ്തരാം പ്രദേശത്താണ് സംഭവം. ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനം സ്ഫോടനം നടത്തി തകര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 6 ജവാന്മാര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 4 പേരുടെ നില അതീവ ഗുരുതരമാണ്.

സിആര്‍പിഎഫ് 212 ബറ്റാലിയനിലെ ജവാന്മാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ മാവോയിസ്റ്റ് സംഘം ബോംബെറിയുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.

കാലങ്ങളായി സൈനികരും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്ന ജില്ലയാണ് സുക്മ. കഴിഞ്ഞ വര്‍ഷം രണ്ട് ആക്രമണങ്ങളിലായി 36 ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. തെലങ്കാന-ഛത്തീസ്ഗഢ് അതിര്‍ത്തിപ്രദേശമാണ് സുക്മ.