‘ടി.പി പീതാംബരന്‍ ശശീന്ദ്രനെതിരെ ഗൂഢാലോചന നടത്തിയിരുന്നു’; ആരോപണവുമായി പ്രദീപ് പാറപ്പുറം

0
47


തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാതിരിക്കാന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്റെ നേതൃത്വത്തില്‍ നീക്കങ്ങള്‍ നടന്നുവെന്ന് ആരോപണം. സംഘടനയില്‍ നിന്ന് പുറത്താക്കിയ സംസ്ഥാന സെക്രട്ടറി പ്രദീപ് പാറപ്പുറമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയെ എന്‍സിപിയിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടി ശശീന്ദ്രനെതിരെ പീതാംബരന്‍ മാസ്റ്റര്‍ ഗൂഢാലോചന നടത്തിയെന്നാണ് സെക്രട്ടറിയുടെ പ്രധാന ആരോപണം. സംഘടനാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിനെതിരെ ആരോപണമുയര്‍ന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ടി.പി പീതാംബരന്‍ പ്രസിഡന്റ് ആകുന്നത് തടയാനുള്ള നീക്കത്തിലാണ് എ.കെ ശശീന്ദ്രന്‍, തോമസ് ചാണ്ടി വിഭാഗങ്ങള്‍.

പീതാംബരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയുടെ പിന്നില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായി പ്രദീപ് പാറപ്പുറം ആരോപിക്കുന്നുണ്ട്. ഈ കാരണങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചതിനാണ് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നതെന്നും പ്രദീപ് പറയുന്നു.

എന്‍സിപി സംസ്ഥാന തെരഞ്ഞെടുപ്പ് അടുത്ത ഞായറാഴ്ചയാണ് നടക്കുന്നത്. എന്നാല്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ വീണ്ടും പ്രസിഡന്റായി വരുന്നതിന് എ.കെ ശശീന്ദ്രന്‍ വിഭാഗത്തിനും, തോമസ് ചാണ്ടി വിഭാഗത്തിനും താത്പര്യമില്ല. എന്നാല്‍ ഇദ്ദേഹത്തിനു പകരം പുറത്തു നിന്നൊരാള്‍ സ്ഥാനാര്‍ത്ഥിയാവുന്നതിനും ഇരുകൂട്ടര്‍ക്കും യോജിപ്പില്ല.

ഈ സാഹചര്യത്തില്‍ എന്‍സിപിയുടെ കേന്ദ്ര നേതൃത്വം ഇടപെട്ട് പീതാംബരന്‍ മാസ്റ്റിനെ പ്രസിഡന്റാക്കുന്നത് തടയാനുള്ള നീക്കത്തിലാണ് സംസ്ഥാനഘടകം. അതിനിടെ പീതാംബരന്‍ മാസ്റ്ററിനെതിരെ ആരോപണങ്ങളുമായി അദ്ദേഹത്തിന്റെ എതിരാളികള്‍ തന്നെ എറണാകുളത്ത് ലഘുലേഖകള്‍ പ്രചരിപ്പിക്കുന്നുമുണ്ട്.