തട്ടിപ്പിന് ഇരയായ ബാങ്കുകള്‍ക്ക് പണം തിരിച്ച് നല്‍കാമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്

0
53

മുംബൈ: നീരവ് മോദിയുടെയും അമ്മാവന്‍ മെഹുല്‍ ചോക്സിയുടെയും തട്ടിപ്പിന് ഇരയായ ബാങ്കുകള്‍ക്ക് പണം തിരിച്ച് നല്‍കാമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതര്‍. ബാങ്കിന്റെ ജാമ്യപത്രത്തിന്മേല്‍ നീരവ് മോദി വായ്പയെടുത്ത് പറ്റിച്ച ബാങ്കുകള്‍ക്കാണ് പണം തിരിച്ചുനല്‍കാമെന്ന് പിഎന്‍ബി അറിയിച്ചിരിക്കുന്നത്.

അതേസമയം ഈ ബാങ്കുകളും വായ്പ നല്‍കുന്ന കാര്യത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയാല്‍ പണം തിരിച്ചുനല്‍കണമെന്ന് വ്യവസ്ഥയും ബാങ്ക് മുന്നോട്ട് വച്ചിട്ടുണ്ട്. ഈ ആവശ്യം ബാങ്കുകള്‍ അംഗീകരിക്കാന്‍ തയ്യാറായാല്‍ പണം എത്രയും വേഗം കൈമാറാമെന്ന് പിഎന്‍ബി അധികൃതര്‍ അറിയിച്ചു.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ജാമ്യപത്രം ഉപയോഗിച്ച് നീരവ് മോദി എസ്ബിഐ, യൂണിയന്‍ ബാങ്ക്, യൂക്കോ ബാങ്ക്, അലഹബാദ് ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകളില്‍നിന്നാണ് വായ്പകള്‍ എടുത്തിരിക്കുന്നത്. 13000 കോടിയുടെ തട്ടിപ്പാണ് ഇത്തരത്തില്‍ നീരവ് മോദി നടത്തിയിരിക്കുന്നത്. അതേസമയം നീരവ് മോദിയെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ അന്വേഷണ ഏജന്‍സികള്‍ക്കോ , എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിനോ കഴിഞ്ഞിട്ടില്ല. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്ന് ജനുവരി മാസത്തിലാണ് നീരവ് മോദി ഒളിവില്‍ പോയത്.