തേനി കാട്ടുതീ ദുരന്തം: റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

0
65

കുമളി: തേനി കാട്ടുതീ ദുരന്തത്തില്‍ റേഞ്ച് ഓഫീസര്‍ ജയ്‌സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ ദുരന്തത്തിന് വഴിവെച്ചത് ട്രക്കിങിന് അനധികൃത പാത തിരഞ്ഞെടുത്തതാണെന്ന് തേനി എസ്.പി വി.ഭാസ്‌കര്‍ പറഞ്ഞു. വനം വകുപ്പ് ട്രക്കിങ് സംഘത്തിന് പാസ് നല്‍കിയത് ടോപ് സ്റ്റേഷന്‍ വരെ മാത്രമാണെന്നും അനുമതിയില്ലാതെയാണ് സംഘം കൊളുക്കുമല വരെ എത്തിയതെന്നും എസ്.പി അറിയിച്ചു. സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വനിതാ ദിനത്തോടനുബന്ധിച്ച് ചെന്നൈ ട്രെക്കിങ് ക്ലബാണ് 26 പേരടങ്ങുന്ന വനിതാ സംഘത്തെ കൊരങ്ങിണി വനത്തിലെത്തിച്ചത്. ടൂര്‍ ഇന്ത്യ ഹോളിഡേയ്സ് എന്ന കമ്പനിയാണ് ട്രക്കിങ് സംഘടിപ്പിച്ചത്. കൊളുക്കു മലയിലെത്തിയ ഇവര്‍ക്കൊപ്പം 12 അംഗങ്ങളുള്ള മറ്റൊരു സംഘവും കൊരങ്ങിണി മലയിലേക്കുള്ള യാത്രയില്‍ പങ്കുചേരുകയായിരുന്നു. ക്ലബിലെ അംഗമായ രാജേഷ് ഇവര്‍ക്ക് വഴികാട്ടിയായി. യാത്ര സംഘടിപ്പിച്ച ചെന്നൈ ട്രക്കേഴ്സ് ഉടമ പീറ്റര്‍ വാന്‍ ഗെയ്റ്റിനെതിരെയും അന്വേഷണമുണ്ടാകും. ചെന്നൈയില്‍ ഐടി കമ്പനി ഉദ്യോഗസ്ഥനായ ഇയാള്‍ ഒളിവില്‍ പോയതായാണ് വിവരം.