ന്യൂനമര്‍ദ്ദം; സംസ്ഥാനത്തിന് ജാഗ്രതാ നിര്‍ദേശവുമായി മുഖ്യമന്ത്രി

0
75

തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്ക് ശ്രീലങ്കയ്ക്ക് പടിഞ്ഞാറ് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത പാലിക്കാന്‍ നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ തൃപ്തികരമാണെന്ന് കഴിഞ്ഞ ദിവസം യോഗം വിലയിരുത്തിയി. ജാഗ്രതാ നിര്‍ദേശം നല്‍കിയ മേഖലകളില്‍ മത്സ്യത്തൊഴിലാളികള്‍ ആരും കടലില്‍ ഇല്ലെന്ന് ഉറപ്പുവരുത്തും. മത്സ്യബന്ധനത്തിന് പുറംകടലില്‍ പോയവരെ തിരിച്ചെത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുറംകടലിലുള്ളവരെ തിരിച്ചെത്തിക്കാന്‍ കോസ്റ്റ്ഗാര്‍ഡിന്റെയും നേവിയുടെയും സേവനം ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരന്തരം നിരീക്ഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ ശക്തമായാല്‍ നഗരങ്ങളില്‍ പലയിടത്തും വെള്ളക്കെട്ട് ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ നഗരസഭകളും പൊതുമരാമത്ത് വകുപ്പും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് വീണ്ടും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.