ബാങ്ക് അക്കൗണ്ടും മൊബൈലുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി സുപ്രീം കോടതി നീട്ടി

0
67

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി. സുപ്രീം കോടതിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 മാര്‍ച്ച് 31 വരെയാണ് നേരത്തേ അനുവദിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ അന്തിമവിധി വരും വരെ ആധാര്‍ ബന്ധിപ്പിക്കാന്‍ നിര്‍ബന്ധിക്കേണ്ടെന്നാണു സുപ്രീംകോടതി നിര്‍ദേശം.

പുതുതായി അക്കൗണ്ട് തുടങ്ങുന്നവര്‍ ആറു മാസത്തിനകം ആധാര്‍ നമ്പര്‍ ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചു. അക്കൗണ്ട് ഉള്ളവരും പുതിയ അക്കൗണ്ടുകാരും സമയപരിധി പാലിച്ചില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.

ഇതു ചോദ്യംചെയ്തുള്ള ഹര്‍ജികളിന്മേലാണു സുപ്രീം കോടതി വിധി. ബാങ്ക് അക്കൗണ്ട്, മൊബൈല്‍ ഫോണ്‍ കണക്ഷന്‍ തുടങ്ങിയവയ്ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയതിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജികള്‍. സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചാണു കേസില്‍ വിധി പറയുക. അതേസമയം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് തുടരും.