‘ബിജെപി നേതാക്കള്‍ ദക്ഷിണേന്ത്യക്കാരുടെ നികുതിപ്പണം ഉപയോഗിച്ച് ഉത്തരേന്ത്യക്കാരെ വികസിപ്പിക്കുന്നു’: ചന്ദ്രബാബു നായിഡു

0
72

ഹൈദരാബാദ്: എന്‍ഡിഎ സര്‍ക്കാരിനെിരെ ആഞ്ഞടിച്ച് വീണ്ടും തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആര്‍എസ്എസ് പിന്തുണയോടെ കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കള്‍ ദക്ഷിണേന്ത്യക്കാരുടെ നികുതിപ്പണം ഉപയോഗിച്ച് ഉത്തരേന്ത്യക്കാരെ വികസിപ്പിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു ആരോപിച്ചു. അമരാവതിയില്‍ തിങ്കളാഴ്ച നടന്ന സംസ്ഥാന നിയമസഭാ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് ജനസേനാ പാര്‍ട്ടി നേതാവും സിനിമാ നടനുമായ പവന്‍ കല്യാണും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് പരമാവധി വരുമാനം നല്‍കുന്നുണ്ട്. എന്നാല്‍ ഈ പണമെല്ലാം ദക്ഷിണേന്ത്യയുടെ വികസനത്തിന് ഉപയോഗിക്കാതെ ഉത്തരേന്ത്യയിലേക്ക് ചെലവഴിക്കുന്നു. മാത്രമല്ല ആന്ധ്രാപ്രദേശ് പുനഃസംഘടനാ നിയമം പ്രാബല്യത്തിലാക്കാമെന്ന് ഉറപ്പുനല്‍കിയിട്ട് ഇപ്പോള്‍ പറ്റിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ആന്ധ്രാപ്രദേശ് ഇന്ത്യയുടെ ഭാഗമല്ലേ, പിന്നെ എന്തിനാണ് ഈ വിവേചനം കാണിക്കുന്നത്? മറ്റ് എല്ലാ സംസ്ഥാനങ്ങള്‍ക്കും വ്യവസായനികുതിയുടെ ഇന്‍സെന്റീവുകളും, ജിഎസ്ടി റീഫണ്ടുകളും ലഭിക്കുന്നുണ്ട്. പക്ഷെ ആന്ധ്രയ്ക്ക് ഇതൊന്നും ലഭിക്കുന്നില്ല- ചന്ദ്രബാബു നായിഡു പരാതിപ്പെടുന്നു.

ഇന്ത്യയില്‍ കേന്ദ്രത്തിന്റെ പണം, സംസ്ഥാനങ്ങളുടെ പണം എന്നൊന്നില്ല. എല്ലാ പണവും ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി ചെലവഴിക്കേണ്ടതാണ്. യുപിഎ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നപ്പോള്‍ പറഞ്ഞ പല കാര്യങ്ങളും പിന്നീട് അധികാരത്തിലേറിയ എന്‍ഡിഎ സര്‍ക്കാരിന് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്കെതിരെയും ചന്ദ്രബാബു നായിഡു രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തി. ജനങ്ങളുടെ വികാരത്തിന്റെ അടിസ്ഥാനത്തില്‍ തെലുങ്കാനയ്ക്ക് പ്രത്യേക പദവി നല്‍കാന്‍ കഴിയില്ലെന്നാണ് അരുണ്‍ ജെയ്റ്റ്ലി പറയുന്നത്. എന്നാല്‍ ഇതേ ജനങ്ങളുടെ വികാരം മാനിച്ച് കേന്ദ്രത്തിന് ഒരു സംസ്ഥാനത്തെ രണ്ടായി വിഭജിക്കാം. പിന്നെ എന്തുകൊണ്ട് പ്രത്യേക പദവി തന്നുകൂടെന്നും നായിഡു ചോദിക്കുന്നു.

തെലുങ്കാനയെ അവഗണിക്കുന്നുവെന്ന് പരാതിയില്‍ ചന്ദ്രബാബു നായിഡു ഉള്‍പ്പെടുന്ന തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടിരുന്നു.