ബിഡിജെഎസ് എന്‍ഡിഎ വിടില്ലെന്നാണ് വിശ്വാസം; കുമ്മനം രാജശേഖരന്‍

0
63

ആലപ്പുഴ: ബിഡിജെഎസ് എന്‍ഡിഎ വിട്ടുപോകില്ലെന്നാണ് വിശ്വാസമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ബിഡിജെഎസ് എന്‍ഡിഎ വിടുമെന്നുള്ളത് അഭ്യൂഹം മാത്രമാണെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ രണ്ടോ മൂന്നോ ദിവസത്തിനകം കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും കുമ്മനം പറഞ്ഞു. ബിജെപി നേതൃത്വത്തിനെതിരെയും എന്‍ഡിഎയ്ക്കെതിരെയുമുള്ള അതൃപ്തി പരസ്യമാക്കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു.

കേരളത്തില്‍ എന്‍ഡിഎ സജീവമല്ലെന്നും സംസ്ഥാന ബിജെപി നേതൃത്വത്തിന് എന്‍ഡിഎ സംവിധാനം ശക്തിപ്പെടുത്തണമെന്ന് ആഗ്രഹമില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു. ബിജെപി-ബിഡിജെഎസ് തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ ചെങ്ങന്നൂരില്‍ ബിജെപി വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.