സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

0
80

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടുന്നത് പരിഗണയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുത്തിട്ടില്ലെങ്കിലും എന്ത് ചെയ്യണമെന്നുള്ളതിനെപ്പറ്റി ആലോചിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പെന്‍ഷന്‍ പ്രായം 60 ആക്കണമെന്നുള്ളത് നിര്‍ദേശം മാത്രമാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഇത് കാരണം യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നുള്ള ആശങ്ക വേണ്ടെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.

എന്നാല്‍, കെഎസ്ആര്‍ടിസി യെ മറയാക്കി എല്ലാ മേഖലകളിലും പെന്‍ഷന്‍ പ്രായം കൂട്ടാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഭരണത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്ത് വരുമ്പോഴും എല്‍ഡിഎഫിന് രണ്ട് നിലപാടുകളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണത്തില്‍ വരുമ്പോള്‍ പെന്‍ഷന്‍ പ്രായം കൂട്ടുകയും പ്രതിപക്ഷത്തിരിക്കുമ്പോള്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെതിരെ സമരം നടത്തുകയും ചെയ്യുന്നവരാണ് ഇടതു മുന്നണിയെന്നും ചെന്നിത്തല പരിഹസിച്ചു.പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചാല്‍ വന്‍ പ്രക്ഷോഭം ഉണ്ടാവുമെന്നും ചെന്നിത്തല പറഞ്ഞു.