സിറോ മലബാര്‍ ഭൂമി ഇടപാട്: ജോര്‍ജ് ആലഞ്ചേരിയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു

0
35

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കര്‍ദിനാളിനെതിരെ കേസെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ആലഞ്ചേരി ഹര്‍ജി നല്‍കിയത്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് കര്‍ദിനാളിനായി കോടതിയില്‍ ഹാജരാകുക.

കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നും തീരുമാനം പുനപരിശോധിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കേസിലെ എഫ്ഐആറും തുടര്‍നടപടികളും റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ നാല് പ്രതികളില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ഫാ. ജോഷി പുതുവ, ഇടനിലക്കാരനായിരുന്ന സാജു വര്‍ഗീസ് എന്നിവരാണ് കോടതിയെ സമീപിച്ചത്.

ഹൈക്കോടതി ഉത്തരവനുസരിച്ച് കര്‍ദിനാളടക്കം നാലുപേരെ പ്രതികളാക്കി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ അപ്പീലില്‍ തീരുമാനമാകുംവരെ തുടര്‍ നടപടി വേണ്ടെന്നാണ് പൊലീസ് തീരുമാനം.