സോഷ്യൽ മീഡിയയില്‍ ചര്‍ച്ചയായി ആര്യയുടെ വിവാഹം; വധുവാകാന്‍ ആറ് മലയാളികളും

0
83

സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം തെന്നിന്ത്യൻ സൂപ്പർ താരം ആര്യയുടെ വിവാഹത്തെ കുറിച്ചാണ്. ആര്യയുടെ വധുവിനെ കണ്ടെത്തുവാനുള്ള റിയാലിറ്റി ഷോയ്ക്ക് നേരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുകയാണ്. കളേഴ്സ് ടിവിയുടെ തമിഴ് പതിപ്പ് സംഘടിപ്പിക്കുന്ന എങ്കെ വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോയാണ് ഇപ്പോൾ ഏറെ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
രാഷ്ട്രീയ പാർട്ടികളും പരിപാടിക്കെതിരെ രംഗത്തുവന്നിരുന്നു. എന്നാൽ പരിപാടി
വലിയ ജനപ്രീതി നേടി മുന്നേറുകയാണെന്നാണ് റിപ്പോർട്ടുകൾ.‌‌

ആര്യയുടെ വധുവിനെ കണ്ടെത്താനുള്ള റിയാലിറ്റി ഷോയിൽ ഇന്ത്യയെമ്പാടുമുള്ള 16 പെൺകുട്ടികളാണ് പങ്കെടുക്കുന്നത്. ഇതിൽ ആറുപേർ മലയാളി പെൺകുട്ടികളാണെന്നതാണ് ശ്രദ്ധേയം. ലക്ഷക്കണക്കിന്‌ പെൺകുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ഈ 16 പേര്‍. മത്സരാര്‍ത്ഥികളെ പരിചയപ്പെടുത്തുന്ന ആദ്യ എപ്പിസോഡില്‍ ആര്യ തന്നെയാണ് 16 പേരെയും പരിചയപ്പെടുത്തിയത്.

ആൻസി(29), കോട്ടയം സ്വദേശി അനു (20), അയീഷ (28), ദേവസൂര്യ (27), ആലുവ സ്വദേശി സീതാലക്ഷ്മി (25), ശ്രീയ സുരേന്ദ്രൻ (20) എന്നിവരാണ് മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട മലയാളികൾ. ഇതിൽ ആൻസിയും അനുവും മത്സരത്തിൽ നിന്ന് പുറത്തായി കഴിഞ്ഞു.

ഇതിൽ രണ്ടുപേർ സിനിമാനടികളാണ്. മലയാള സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ പരിചിതരായ സീതാ ലക്ഷ്മിയും ദേവ സൂര്യയുമാണ് ആ മത്സരാർത്ഥികൾ.

നടി സംഗീതയാണ് ആര്യയ്ക്കൊപ്പം പരിപാടിയുടെ മറ്റൊരു അവതാരക. കാസർകോട് തൃക്കരിപ്പൂര്‍ സ്വദേശിയായ ആര്യ ജനിച്ചതും വളര്‍ന്നതും ചെന്നൈയിലാണ്. ജംഷാദ് സീതിരകത്ത് എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്.

റിയാലിറ്റി ഷോ ആരംഭിച്ചതു മുതൽ അതിനെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ക്കും ചിറക് മുളച്ചിരുന്നു. ഇതുവെറും നാടകമാണെന്നും വിവാഹം കഴിക്കാൻ ആരെങ്കിലും റിയാലിറ്റി ഷോ നടത്തുമോ എന്ന സംശയവും ചിലർ പ്രകടിപ്പിച്ചിരുന്നു.

ജീവിതത്തിലെ ഒരു സുപ്രധാന വിഷയമാണ് വിവാഹം. ആ തീരുമാനം ആരെങ്കിലും റിയാലിറ്റി ഷോയെ ആശ്രയിച്ചു എടുക്കുമോ? അത് ശരിയായ നടപടി അല്ല എന്നാണ് വിമർശകരുടെ വാദം. പെൺകുട്ടികളുടെ ജീവിതം വെച്ചുള്ള കളിയാണെന്നും ചില ഭാഗങ്ങളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്. ഇവരെ ഇതു മാനസികമായി തളർത്തുമെന്നും വിമർശനം ഉയരുന്നുണ്ട്. വിവാഹത്തെ കച്ചവടവുമായി കൂട്ടി യോജിപ്പിക്കരുതെന്നും സോഷ്യൽ മീഡിയയിൽ നിന്ന് കമന്റുകൾ ഉയരുന്നുണ്ട്.