ഇരിട്ടിയില്‍ വന്‍ കുഴല്‍പ്പണ വേട്ട; ഒരുകോടി രൂപയുടെ കുഴല്‍പണവുമായി രണ്ട് പേര്‍ പിടിയില്‍

0
53

ഇരിട്ടി: കര്‍ണ്ണാടകയില്‍ നിന്നും രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തുകയായിരുന്ന ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേരെ ഇരിട്ടി പൊലീസ് പിടികൂടി. ഇരിട്ടി പൊലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ പി.സി സഞ്ജയ് കുമാറിന്റെ നേത്യത്വത്തിലുള്ള സംഘമാണ് കുഴല്‍പ്പണക്കടത്തുകാരെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ എസ്‌ഐ യുടെ നേതൃത്വത്തില്‍ കുന്നോത്ത് വെച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കര്‍ണ്ണാടകയില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന 2 ബസ്സുകളില്‍ നിന്ന് കുഴല്‍പ്പണം പിടികൂടിയത്. 2 പേരില്‍ നിന്നാണ് കുഴല്‍പ്പണം കണ്ടെടുത്തത്.

കണ്ണൂരിലേക്ക് വരികയായിരുന്ന പി.കെ ബസ്സില്‍ നിന്നും 49 ലക്ഷം രൂപയുമായി ഉളിക്കല്‍ മാട്ടറ കാലാങ്കിയിലെ കുളങ്ങര ഹൗസില്‍ കെ.സി സോണി (40), എ വണ്‍ ബസ്സില്‍ നിന്നും 45 ലക്ഷം രൂപയുമായി നിലമ്പൂര്‍ കല്ലേപ്പാടം തൊട്ടിപ്പറമ്പ് ഹൗസില്‍ മുഹമ്മദ് അന്‍ഷാദ്(40) എന്നിവരെയാണ് പിടികൂടിയത്. പ്ലാസ്റ്റിക്ക് കവറിലാക്കി ബസ്സില്‍ അലഷ്യമായി സൂക്ഷിച്ച നിലയിലായിരുന്നു പണം. ഇരിട്ടി സ്റ്റേഷനിലെത്തിച്ച ഇരുവരെയും
ചോദ്യം ചെയ്ത് വരികയാണ്.