കീഴാറ്റൂരിലെ വയല്‍ക്കിളി സമരപ്പന്തല്‍ സിപിഎം കത്തിച്ചു

0
99

കണ്ണൂര്‍: കീഴാറ്റൂരിലെ വയല്‍ക്കിളി സമരപ്പന്തല്‍ സിപിഐഎം കത്തിച്ചു. സമരം ചെയ്ത വയല്‍ക്കിളി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ദേശീയപാത ബൈപ്പാസിനായി ഭൂമി അളക്കുന്നതിനിടെ വയല്‍ക്കിളികളുടെ സമരം ശക്തമായതോടെയാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. വയല്‍ ഏറ്റെടുക്കുന്ന നടപടികള്‍ അനുവദിക്കില്ലെന്ന നിലപാടുമായാണ് സമരക്കാര്‍ രംഗത്തെത്തിയത്. സ്ത്രീകള്‍ മണ്ണെണ്ണയും ഡീസലുമായി ആത്മഹത്യാ ഭീഷണി മുഴക്കി വയലില്‍ ഇറങ്ങി.  ബൈപ്പാസിനായി വയല്‍ ഏറ്റെടുക്കുന്നതിന് 50 ഉടമകള്‍ സമ്മതപത്രം നല്‍കിയതായി കഴിഞ്ഞ ദിവസം സിപിഎം അറിയിച്ചിരുന്നു.

ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരമായി വന്‍ തുക വാഗ്ദാനം ചെയ്ത് സമരം പൊളിക്കാന്‍ സിപിഎം നേരിട്ട് രംഗത്ത് ഇറങ്ങിയതോടെയാണ് സമരം കൂടുതല്‍ ശക്തമായത്. ബൈപ്പാസ് പദ്ധതി പ്രദേശത്തെ 58 പേരില്‍ 50 പേരും സ്ഥലം ഏറ്റെടുക്കാനുള്ള സമ്മതപത്രം എംഎല്‍എ ജെയിംസ് മാത്യുവിന് കൈമാറിയെന്നാണ് സിപിഎം അവകാശപ്പെടുന്നത്. സെന്റിന് 1500 രൂപ മതിപ്പുവിലയുള്ള സ്ഥലത്തിന് വന്‍തുക ഓഫര്‍ ചെയ്താണ് സമരം അട്ടിമറിക്കാനുളള നീക്കം നടത്തിയതെന്ന് ആരോപണമുണ്ട്.

നിലവില്‍ ഒരു സെന്റ് വയല്‍ ഏറ്റെടുക്കുന്നതിന് 4.16 ലക്ഷം രൂപയാണ് സ്ഥല ഉടമകള്‍ക്ക് നല്‍കുന്നത്. കഴിഞ്ഞ ദിവസം ഓഫീസ് അവധിയായിട്ടും തളിപ്പറമ്പ് തഹസില്‍ദാറേയും മറ്റ് ഉദ്യോഗസ്ഥരേയും ജില്ലാ കലക്ടര്‍ അടിയന്തരമായി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് താലൂക്ക് ഓഫീസില്‍ സ്ഥലം കൈമാറ്റ സമ്മതപത്രം കൈമാറല്‍ ചടങ്ങ് സംഘടിപ്പിച്ചത്. ഇനി സജീവമായ വയല്‍ക്കിളി സംഘാംഗങ്ങളുടെ സ്ഥലം മാത്രമാണ് ലഭിക്കാനുള്ളത്.