തുഷാറിന് രാജ്യസഭാ സീറ്റ് എന്ന വ്യാജ വാര്‍ത്ത ലക്ഷ്യം ഭേദിച്ചു; നേട്ടം വി.മുരളീധരന്‌ മാത്രം

0
178

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ഒരേ സമയം ഒരുപാട് ലക്ഷ്യങ്ങള്‍ ഭേദിക്കുന്ന ഒരു അസ്ത്രമായി മാറി തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കുമെന്ന വാര്‍ത്ത. തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് രാജ്യസഭാ സീറ്റ് എന്ന വാര്‍ത്ത വെറും പുകമറയായിരുന്നു. ഈ വാര്‍ത്ത ചില മാധ്യമങ്ങള്‍ ഇടയ്ക്കിടയ്ക്ക് കത്തിച്ചു കൊണ്ടിരുന്നു. അതിനു ചില ലക്ഷ്യങ്ങള്‍ ഉണ്ടെന്നു വേണം കരുതാന്‍. ഈ ലക്ഷ്യങ്ങളെക്കുറിച്ചാണ് ബിഡിജെഎസ് നേതൃത്വവും എസ്എന്‍ഡിപി നേതൃത്വവും ബിജെപി നേതൃത്വത്തിലെ ചിലരും സംശയാലുക്കളാകുന്നത്.

തുഷാറിനു രാജ്യസഭാ സീറ്റ് എന്ന വെറും മാധ്യമ സൃഷ്ടിയായ ഈ വാര്‍ത്ത ഒരേസമയം വെള്ളാപ്പള്ളിയ്ക്കും തുഷാറിനും ഇറക്കാനും വയ്യ തുപ്പാനും വയ്യ എന്ന അവസ്ഥയുണ്ടാക്കി.ബിഡിജെഎസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയെ ഒരു എടുക്കാ ചരക്കാക്കി മാറ്റുന്ന അവസ്ഥയുണ്ടാക്കി. ഈ വാര്‍ത്ത കാരണം രാജ്യസഭാ സീറ്റ് നേടിയ വി.മുരളീധരന്‍ മാത്രം നേട്ടമുണ്ടാക്കിയപ്പോള്‍ ബിജെപി സംസ്ഥാന നേതൃത്വത്തില്‍ മുന്‍തൂക്കമുണ്ടെന്ന്‌ അവകാശപ്പെടുന്ന കുമ്മനം രാജശേഖരനും ആര്‍എസ്എസ് നേതൃത്വത്തിനും തിരിച്ചടിയായിരുന്നു ഫലം.

അതേസമയം ശ്രീധരന്‍ പിള്ളയുടെ ചെങ്ങന്നൂര്‍ സാധ്യതകളെ വരെ ഈ വാര്‍ത്ത ബാധിച്ചു. ഒരുപാട് ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ കെട്ടിച്ചമച്ച ഈ വാര്‍ത്ത സൃഷ്ടിച്ചവര്‍ വി.മുരളീധരന്‍ രാജ്യസഭാ സീറ്റ് നേടുന്നത് കണ്ടു ഊറിച്ചിരിക്കുകയും ചെയ്തിരിക്കണം.
രാജ്യസഭാ സീറ്റ് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും 24 കേരളയോട് മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.

രാജ്യസഭാ സീറ്റിന്‍റെ കാര്യം ഒന്നും അറിയില്ല. തങ്ങള്‍ അങ്ങിനെ ആവശ്യപ്പെട്ടിട്ടില്ല – തുഷാര്‍ പറഞ്ഞിരുന്നു. ആ വാര്‍ത്ത എവിടെനിന്ന് വന്നു? വെള്ളാപ്പള്ളി നടേശന്‍ 24 കേരളയോടു ആരാഞ്ഞിരുന്നു. എന്നിട്ടും ആ വാര്‍ത്ത കത്തിക്കയറി. ആ വാര്‍ത്തയുടെ ഗുണഭോക്താവ് രാജ്യസഭാ സീറ്റ് നേടിയ ബിജെപി നേതാവ് വി.മുരളീധരന്‍ മാത്രമായി മാറുകയും ചെയ്തു.

ഒരു പഞ്ചായത്തില്‍ സ്വന്തം അംഗങ്ങളെ സൃഷ്ടിക്കാന്‍ പോലും പ്രാപ്തരാകാത്ത പാര്‍ട്ടിയാണ് ബിഡിജെഎഎസ്. കേരളത്തിലെ ഒരു പഞ്ചായത്തില്‍ പോലും ബിഡിജെഎസ് ശക്തി തെളിയിച്ചിട്ടില്ല. വോട്ട് ബാങ്ക് ഉണ്ടെന്നു പറയുകയല്ലാതെ ഈ വോട്ട് ബാങ്ക് കേരളത്തില്‍ എവിടെയും ദൃശ്യമല്ല. അതിനര്‍ത്ഥം ബിഡിജെഎസ് തിരഞ്ഞെടുപ്പുകളില്‍ മികവ് തെളിയിക്കേണ്ടതുണ്ട് എന്നാണ്.

ഇങ്ങിനെ ഒരു ഘട്ടത്തില്‍ ബിഡിജെഎസ് രാജ്യസഭാ സീറ്റ് ചോദിക്കില്ല. അപ്പോള്‍ തുഷാറിനു രാജ്യസഭാ സീറ്റ് എന്ന വാര്‍ത്ത തുണച്ചത് വി.മുരളീധരന്‍ എന്ന ബിജെപി നേതാവിനെ മാത്രമാണ്. ഈ വാര്‍ത്തയുടെ പ്രതിഫലനമായി വി.മുരളീധരന് രാജ്യസഭാ  സീറ്റ് നല്‍കാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ബന്ധിതരായി മാറുകയും ചെയ്തു.  ഈ വാര്‍ത്ത കെട്ടിച്ചമയ്ക്കുക ആയിരുന്നോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

സംസ്ഥാന ബിജെപി ഘടകത്തിലെ പ്രമുഖരെയൊന്നും പരിഗണിക്കാതെ മൂന്ന് രാജ്യസഭാ സീറ്റുകള്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം സംസ്ഥാനത്ത് പാര്‍ട്ടിയുടെ
മുഖ്യധാരയിലില്ലാത്ത വിവിധ വ്യക്തികള്‍ക്ക് നല്‍കി. ഒരു രാജ്യസഭാ സീറ്റ് സുരേഷ് ഗോപിയ്ക്ക് നല്‍കി. ആംഗ്ലോ ഇന്ത്യന്‍ കോട്ടയില്‍ ഒരു സീറ്റ് റിച്ചാര്‍ഡ് ഹേയ്ക്ക് നല്‍കി. ഒരു സീറ്റ് അല്‍ഫോന്‍സ്‌ കണ്ണന്താനത്തിനു നല്‍കി. മൂന്നു സീറ്റുകള്‍ ഇങ്ങിനെ പോയി. നാലാം സീറ്റ് തുഷാറിനും പോകുന്നു.

അപ്പോള്‍ ബിജെപിയ്ക്ക് എന്താണ് നല്‍കുന്നത്? ഈ സംസ്ഥാന ബിജെപി നേതാക്കളെ കേന്ദ്ര ബിജെപി നേതൃത്വം അവഹേളിക്കുകയാണോ? ഈ ചിന്ത ചിലര്‍ പാര്‍ട്ടിയില്‍ ശക്തമായി ഉയര്‍ത്തി. ഈ പ്രേരണയ്ക്ക് വശംവദനായാണ്‌ ബിജെപിയിലെ ഉന്നത നേതാവ് കര്‍ണാടകയില്‍ അമിത് ഷായെ നേരിട്ട് കണ്ടു ഇങ്ങിനെ പോയാല്‍, തുഷാറിനു അടക്കം ഇനി രാജ്യസഭാ സീറ്റ് നല്‍കിയാല്‍ തങ്ങള്‍ ചിലര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കേണ്ടി വരും എന്ന് ഭീഷണി മുഴക്കിയത്.

ഈ ഭീഷണി ഫലിച്ചതിന്റെ അടയാളമാണ് വി.മുരളീധരന് ലഭിച്ച രാജ്യസഭാ സീറ്റ്. ബിജെപിയിലെ ഇറക്കുമതി നേതാവാണ്‌ വി.മുരളീധരന്‍. നൂല് വഴി കെട്ടിയിറക്കപ്പെട്ട നേതാവാണ്‌. പാര്‍ട്ടിയില്‍ വേരുകളില്ല. അടിത്തറയില്ല. ഉള്ളത് എബിവിപി ബന്ധങ്ങള്‍ മാത്രം. അവരില്‍ മിക്കവരും എന്നേ കയ്യൊഴിഞ്ഞു.

ഭാഷാ സ്വാധീനവും പ്രസംഗ മികവുമാണ് മുരളീധരനെ പാര്‍ട്ടിയില്‍ നിലനിര്‍ത്തുന്നത്. കേന്ദ്ര നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ ആശയ മികവ് ചോരാതെ അത് പ്രേക്ഷകരിലേക്ക് എത്തണമെങ്കില്‍ മുരളീധരന്‍ മതി. കരുനീക്കത്തിനും അഗ്രഗണ്യന്‍. ബിജെപിയ്ക്ക് നാണക്കേടു ഉണ്ടാക്കിയ മെഡിക്കല്‍ കോഴ വിവാദത്തില്‍ വി.മുരളീധരനുമായി അടുപ്പമുണ്ടായിരുന്നവരുടെ നേര്‍ക്കാണ് ആരോപണം ഉയര്‍ന്നത്. പക്ഷെ വി.മുരളീധരനിലേയ്ക്ക്‌ എത്തുന്ന ഒരു തെളിവും ഉണ്ടായതുമില്ല.

തുഷാറിനു രാജ്യസഭാ സീറ്റ് എന്ന വാര്‍ത്ത വഴി ഈ മുരളീധരനാണ് നേട്ടം ഉണ്ടാക്കിയത്. തുഷാറിനു രാജ്യസഭാ സീറ്റ് എന്ന പ്രചാരണം വലിയ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുമെന്നും ആ പ്രകമ്പനങ്ങള്‍ വി.മുരളീധരന് ആത്യന്തിക നേട്ടം നല്‍കുമെന്നും ഈ വാര്‍ത്ത സൃഷ്ടിച്ചവര്‍ മനസില്‍ കണ്ടിരിക്കണം. ഈ വാര്‍ത്ത ഒരേ സമയം ചെങ്ങന്നൂരിലെ ശ്രീധരന്‍ പിള്ളയുടെ സ്ഥാനാര്‍ഥിത്വത്തെയും ലക്‌ഷ്യം വെക്കുന്നു.

തുഷാറിനു രാജ്യസഭാ സീറ്റ് വാഗ്ദാനം ഉണ്ടാക്കി, പിന്നീട്‌ സീറ്റ് ലഭിക്കാതെ വരുന്ന അവസ്ഥയുണ്ടാക്കിയാല്‍ അത് ചെങ്ങന്നൂരിലെ ശ്രീധരന്‍ പിള്ളയുടെ വിജയ സാധ്യതകളെ ബാധിക്കും. ശ്രീധരന്‍ പിള്ളയുടെ തോല്‍വി ചെങ്ങന്നൂരില്‍ ഉറപ്പിക്കുന്ന നീക്കം നടത്തുന്നവര്‍ ഇതിനു പിന്നിലുണ്ടോ എന്ന് പിള്ള അനുകൂലികള്‍ അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ തവണ പിള്ളയ്ക്ക് ചെങ്ങന്നൂരില്‍ ലഭിച്ച വോട്ടുകളെ നിലവിലെ പ്രചാരണം ബാധിക്കും.

ബിഡിജെഎസിനെ പറഞ്ഞു പറ്റിച്ചു എന്ന വാര്‍ത്ത ചെങ്ങന്നൂരില്‍ പരന്നാല്‍ ബിഡിജെഎസ് വോട്ടുകള്‍ ശ്രീധരന്‍ പിള്ളയ്ക്ക് വീഴില്ല. അപ്പോള്‍ കഴിഞ്ഞ തവണത്തെ മിന്നുന്ന പ്രകടനം പിള്ളയ്ക്ക് ആവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥ വരും. സംസ്ഥാനത്തെ പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷനായ ശ്രീധരന്‍ പിള്ളയ്ക്ക് ചെങ്ങന്നൂരില്‍ തോല്‍വി. എതിരാളിയായ മറ്റൊരു മുന്‍ അധ്യക്ഷന് രാജ്യസഭാ സീറ്റ്.

ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ ലഭിച്ച വോട്ട് പിള്ളയ്ക്ക് നേടാന്‍ കഴിയാതെ പോയാല്‍ ഇതും മുരളീധീരന് ജയമാകും. ബിഡിജെഎസിനെ പറഞ്ഞു പറ്റിച്ചു എന്ന പ്രചാരണം ചെങ്ങന്നൂരില്‍ മുറുകിയാല്‍ അത് പിന്നോക്ക വിഭാഗ വോട്ടു ബാങ്കുകളെ സ്വാധീനിക്കും. ശ്രീധരന്‍ പിള്ളയ്ക്ക് എതിരെ കാര്യങ്ങള്‍ എത്തിക്കും.

തുഷാറിനു ഈ കാര്യത്തില്‍ പിണഞ്ഞ ഒരമളി തുഷാര്‍ തൊഗാഡിയ അനുകൂലികളുടെ പിടിയില്‍പ്പെട്ടതാണ്. വിഎച്ച്പിയുമായി ബന്ധപ്പെട്ട തൊഗാഡിയ അനുകൂലികളാണ് തുഷാറിനെയും കൂട്ടി ഡല്‍ഹിയ്ക്ക് തിരിച്ചത്. അവരുടെ വാഗ്ദാനം രാജ്യസഭാ സീറ്റ് ആയിരുന്നു എന്നാണ് ലഭ്യമായ വിവരം.

പക്ഷെ ഔദ്യോഗിക ആര്‍എസ്എസ് നേതൃത്വവുമായി തെറ്റി നില്‍ക്കുന്നവരാണ് തൊഗാഡിയ അനുകൂലികള്‍. ഇത് തുഷാര്‍ വെള്ളാപ്പള്ളി മനസിലാക്കിയിരുന്നില്ല. ഇവര്‍ക്ക് പരിമിതികള്‍ ഉണ്ടായിരുന്നു. മറ്റു ചര്‍ച്ചകള്‍ പാതിവഴിയില്‍ നില്‍ക്കുകയും ചെയ്തു. അതേസമയം തുഷാറിനു രാജ്യസഭാ സീറ്റ് എന്ന വ്യാജ വാര്‍ത്ത ഒരേ സമയം വലിയ തിരിച്ചടികള്‍ തുഷാറിനും വെള്ളാപ്പള്ളി നടേശനും ശ്രീധരന്‍ പിള്ളയ്ക്കും കുമ്മനത്തിനും ആര്‍എസ്എസ് സംസ്ഥാന നേതൃത്വത്തിനും സൃഷ്ടിക്കുകയും ചെയ്തു. ഈ വാര്‍ത്ത ഇപ്പോള്‍ ബന്ധപ്പെട്ട പാര്‍ട്ടി നേതൃത്വങ്ങളില്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ്.