നടിയെ ആക്രമിച്ച കേസ്: പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന് നടി

0
59

കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ ഹര്‍ജിയുമായി ആക്രമണത്തിനിരയായ നടി. കേസില്‍ വിചാരണയ്ക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്നാവശ്യപ്പെട്ട് നടിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഹര്‍ജി നല്‍കി. വിചാരണ അതിവേഗം പൂര്‍ത്തിയാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കേസിലെ വിചാരണ നടപടിക്രമങ്ങള്‍ ഇന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചപ്പോഴാണ് നടി ഹര്‍ജി സമര്‍പ്പിച്ചത്.

വിചാരണ നടപടികള്‍ക്കായി ദിലീപ്, പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നു. ദിലീപ് ഉള്‍പ്പെടെ പത്ത് പ്രതികളാണ് ഇന്ന് കോടതിയില്‍ ഹാജരായത്. പ്രതികളായ പ്രതീഷ് ചാക്കോയും രാജു ജോസഫും ഹാജരായിരുന്നില്ല. കേസിലെ തുടര്‍നടപടികള്‍ മാര്‍ച്ച് 28-ന് വീണ്ടും തുടരും.

അതേസമയം, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി. ദൃശ്യങ്ങള്‍ നല്‍കേണ്ടത് ഹൈക്കോടതിയാണെന്നും വിചാരണക്കോടതിയില്‍ നിന്ന് നല്‍കാനാവില്ലെന്നുമാണ് കോടതി അറിയിച്ചത്. എന്നാല്‍ മെഡിക്കല്‍ രേഖകള്‍ അടക്കം മറ്റെല്ലാ രേഖകളും ദിലീപിന് നല്‍കുമെന്ന് കോടതി അറിയിച്ചു.

2017 ഫെബ്രുവരി 17-നാണു തൃശൂരിലെ ഷൂട്ടിങ് സ്ഥലത്തു നിന്ന് കൊച്ചിയിലേക്കു പോകുന്നതിനിടെ നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്.

അന്വേഷണസംഘം ആദ്യ കുറ്റപത്രം നല്‍കിയ ശേഷമാണു ഗൂഢാലോചനക്കുറ്റത്തിനു നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്ത് എട്ടാം പ്രതിയാക്കിയത്. രണ്ടാമത്തെ കുറ്റപത്രത്തിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കിയിരിക്കുന്നത്. ഒന്നു മുതല്‍ ഏഴുവരെയുള്ള പ്രതികള്‍ ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്തവരാണ്. ദിലീപിനെതിരെ കൂട്ട ബലാത്സംഗവും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിനിമാ രംഗത്തു നിന്നുമാത്രം അമ്പതിലേറെപ്പേരുള്‍പ്പെടെ 355 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 33 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.