നിലപാട് തിരുത്തി സിപിഎമ്മിന്റെ നയങ്ങളുമായി യോജിച്ച് മുന്നോട്ട് പോയാല്‍ കെ.കെ രമയ്ക്കും പാര്‍ട്ടിയിലേക്ക് സ്വാഗതം; പി. മോഹനന്‍

0
112

കോഴിക്കോട്: ആര്‍എംപിയെ മെരുക്കാന്‍ പുതുിയ വഴിയുമായി സിപിഎം. ടി.പി ചന്ദ്രശേഖരനെ പുകഴ്ത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ രമയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് സിപിഎം. നിലപാട് തിരുത്തി സിപിഎമ്മിന്റെ നയങ്ങളുമായി യോജിച്ച് മുന്നോട്ട് പോകാന്‍ തയ്യാറായാല്‍ കെ.കെ രമയേയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു.

സിപിഎം നയവും പൊതുനിലപാടും അംഗീകരിക്കുന്ന ആര്‍ക്കും പാര്‍ട്ടിയിലേക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം. ടിപി യെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിന് ദൂതന്മാര്‍ മുഖേന ശ്രമം നടത്തിയിരുന്നതായാണ് മനസ്സിലാക്കുന്നത്. സിപിഎമ്മിനെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്തികള്‍ അതിനെതിരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ടിപി കുലംകുത്തിയാണെന്ന പിണറായി വിജയന്റെ പ്രതികരണം പ്രത്യേക സാഹചര്യത്തില്‍ നിന്നുണ്ടായതാണെന്നും പി. മോഹനന്‍ പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്‍ പാര്‍ട്ടി വിരുദ്ധനായിരുന്നില്ലെന്നും സിപിഎമ്മി നോട് അടുക്കാന്‍ ആഗ്രഹിച്ചിരുന്നതായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സിപിഎം നശിക്കണമെന്ന് ടിപി യ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ആര്‍എംപിയെ കോണ്‍ഗ്രസ് കൂടാരത്തിലെത്തിക്കണമെന്നും ആഗ്രഹിച്ചിരുന്നില്ല. ഇന്ന് ആര്‍എംപി കെ.കെ രമയുടെ മാത്രം പാര്‍ട്ടിയായി മാറിയെന്നുമായിരുന്നു കോടിയേരി പറഞ്ഞത്.

സിപിഎമ്മി ലേക്ക് മടങ്ങാന്‍ ടിപി ആഗ്രഹിച്ചിരുന്നെങ്കില്‍ എന്തിനാണ് ടിപിയെ കൊലപ്പെടുത്തിയതെന്നാണ് രമ ചോദിക്കുന്നത്. ആര്‍എംപി ടി.പി ചന്ദ്രശേഖരന്റെ പാര്‍ട്ടിയാണ്, രമയുടേതല്ല. നാണമില്ലാതെ നുണ പറയുകയാണ് കോടിയേരി ചെയ്യുന്നതെന്നും രമ പ്രതികരിച്ചു.