ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറയുന്നു; ചുഴലിക്കാറ്റിന് സാധ്യതയില്ല

0
54

തിരുവനന്തപുരം: ശ്രീലങ്കയ്ക്ക് തെക്കുപടിഞ്ഞാറ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറയുന്നു. ചുഴലിക്കാറ്റിന് സാധ്യതയില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളം, ലക്ഷദ്വീപ് മേഖല ഉള്‍പ്പെടുന്ന അറബിക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ വ്യാഴാഴ്ചവരെ മത്സ്യതൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ലക്ഷദ്വീപില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. കേരളത്തിലും ന്യൂനമര്‍ദത്തിന്റെ ഭാഗമായി കാറ്റും മഴയും ഉണ്ടാകും. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ കോമോറിന്‍ – മാലദ്വീപ് മേഖലയിലും ദക്ഷിണ കേരളത്തിലും തമിഴ്‌നാട്ടിലും കാറ്റു വീശാന്‍ സാധ്യതയുണ്ട്. ലക്ഷദ്വീപില്‍ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനാണു സാധ്യത.
തിരുവനന്തപുരത്തിന് തെക്കുപടിഞ്ഞാറ് 310 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദമുള്ളത്. വ്യോമ, നാവിക സേനകളും തീരസംരക്ഷണ സേനയും അടിയന്തരസാഹചര്യം നേരിടാന്‍ സജ്ജമായിട്ടുണ്ട്. മുന്നറിയിപ്പിനെത്തുടര്‍ന്ന് ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. കടലില്‍ മീന്‍പിടിക്കാന്‍പോയ ബോട്ടുകള്‍ക്ക് തിരികെയെത്താന്‍ തീരസംരക്ഷണസേന നിര്‍ദേശം നല്‍കി. കഴിഞ്ഞദിവസം എട്ടുബോട്ടുകളും മൂന്ന് ട്രോളറുകളും തിരികെയെത്തിച്ചിരുന്നു.