ബിജെപിയുടെ പരാജയം ദയനീയം

0
71

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് അവിശ്വസനീയ വിജയം. ഭരണകക്ഷിയായ ബിജെപിയെ നാണം കെടുത്തിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സഖ്യം ചേര്‍ന്ന ശത്രുക്കള്‍ വിജയം സ്വന്തമാക്കിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഭരണകക്ഷിയായ ബിജെപിക്കും വന്‍തിരിച്ചടി ആയിരിക്കുകയാണ് യുപി ഉപതെരഞ്ഞെടുപ്പുകളിലെ തോല്‍വി. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫുല്‍പൂരിലും ബിജെപി പരാജയപ്പെട്ടു.

ഗോരഖ്പുരിൽ എസ്പിയുടെ പ്രവീൺ കുമാർ നിഷാദ് 26,000ത്തിലേറെ വോട്ടുകൾക്കും ഫുൽപുരിൽ‌ എസ്പിയുടെ നാഗേന്ദ്ര സിങ് പട്ടേൽ 59,000ത്തിലേറെ വോട്ടുകൾക്കുമാണു ബിജെപി സ്ഥാനാർഥികളെ തറപറ്റിച്ചത്. യോഗി ആദിത്യനാഥ് അഞ്ചു വട്ടം തുടർച്ചയായി ജയിച്ചുവന്ന ഗോരഖ്പുരിൽ ഉപേന്ദ്ര ദത്ത് ശുക്ലയും ഫുൽപുരി‌ൽ കൗശലേന്ദ്ര സിങ് പട്ടേലുമായിരുന്നു ബിജെപി സ്ഥാനാർഥികൾ. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ കേശവ് പ്രസാദ് മൗര്യ മൂന്നു ലക്ഷത്തിലധികം വോട്ടുകൾക്കു ജയിച്ച മണ്ഡലമാണു ഫുൽപുർ.

1990 കളുടെ തുടക്കത്തില്‍ കാന്‍ഷി റാമും മുലായം സിംഗ് യാദവും തമ്മില്‍ കൈകോര്‍ത്ത ശേഷം ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലെ ബദ്ധവൈരികളായ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും ഒന്നിക്കുന്ന തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പിന് ഉണ്ടായിരുന്നു. എസ്പി-ബിഎസ്പി സഖ്യം തുടരുകയാണെങ്കില്‍ 2019 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയരും എന്നാണ് ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന.

ഉപതിരഞ്ഞെടുപ്പു നടന്ന ബിഹാറിലെ അരരിയ ലോക്സഭാ മണ്ഡലത്തിലും ബിജെപി സ്ഥാനാർഥി തോറ്റു. ആർജെഡി സ്ഥാനാർഥി സർഫറാസ് ആലമാണ് ജയിച്ചത്. 61,988 വോട്ടുകൾക്കാണ് ആലത്തിന്റെ വിജയം. ആർജെഡി എംപിയുടെ മരണത്തെത്തുടർന്നാണു തിരഞ്ഞെടുപ്പു വേണ്ടിവന്നത്. ഉപതിരഞ്ഞെടുപ്പു നടന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളിൽ ബാബുവയിൽ ബിജെപി സ്ഥാനാർഥി റിങ്കി റാണി പാണ്ഡെ ജയിച്ചു.