ബിഡിജെഎസിനെ ബാധിക്കുന്നത് ബിജെപി ഗ്രൂപ്പ് പോരുകള്‍ എന്ന് വിലയിരുത്തല്‍; കടുത്ത തീരുമാനങ്ങള്‍ വേണ്ടെന്ന് അഭിപ്രായം

0
87

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: ചേര്‍ത്തലയില്‍ ഇന്നു ചേരുന്ന ബിഡിജെഎസ്‌ സംസ്ഥാന നേതൃയോഗം പൊട്ടിത്തെറിക്കുന്ന തീരുമാനങ്ങള്‍ ഒന്നും കൈക്കൊള്ളില്ല എന്ന് സൂചന. എന്‍ഡിഎഎയില്‍ ഉറച്ചുനിന്ന് മുന്നോട്ട് പോകാനായിരിക്കും നേതൃയോഗം തീരുമാനിക്കുക എന്നാണ് സൂചനകള്‍.

ചെങ്ങന്നൂരില്‍ ബിജെപിയ്ക്ക് വെല്ലുവിളികള്‍ ഉയര്‍ത്താതെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നീങ്ങാന്‍ ബിഡിജെഎസ് നേതൃത്വം തീരുമാനമെടുത്തേക്കും. സംസ്ഥാന ബിജെപി നേതൃത്വത്തില്‍ രൂക്ഷമായി നില്‍ക്കുന്ന ഗ്രൂപ്പ് പോരുകള്‍ ബിജെപി-ബിഡിജെഎസ് ബന്ധത്തെ ബാധിച്ചിട്ടുണ്ട് എന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം.

ബിഡിജെഎസിന് അര്‍ഹതപ്പെട്ടത് ബിജെപി കേന്ദ്രനേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തി വാങ്ങി നല്‍കാനുള്ള ശേഷിയും സംസ്ഥാന ബിജെപി നേതൃത്വത്തിനില്ലെന്ന്‌ ബിഡിജെഎസ്‌ തിരിച്ചറിയുന്നുണ്ട്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ ശക്തി തെളിയിച്ച് ബിജെപി കേന്ദ്ര നേതൃത്വത്തില്‍ നിന്ന് അര്‍ഹമായ പദവികള്‍ നേരിട്ട് ആവശ്യപ്പെടാനാണ് ബിഡിജെഎസ് നേതൃത്വം കരുനീക്കുന്നത്.

വി.മുരളീധരന്‍ തുഷാറിനേക്കാള്‍ എംപി സ്ഥാനത്തിനു യോഗ്യന്‍ എന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ഈ നീക്കത്തിന്റെ സൂചനയാണ്. നിലവിലെ ബിജെപി സംസ്ഥാന നേതൃത്വം നിസ്സഹായരാണ്. ഇവരോട് ഏറ്റുമുട്ടിയിട്ടു ഒരു പ്രയോജനവും ഉണ്ടാകില്ല.

അതേസമയം ഈ ഏറ്റുമുട്ടല്‍ വഴി ബിജെപിയിലെ സംസ്ഥാന നേതൃത്വം ഗുണമുണ്ടാക്കുകയും ചെയ്യും. തുഷാറിനു രാജ്യസഭാ സീറ്റ് എന്ന പ്രചാരണം ഇളക്കിവിട്ട് വി.മുരളീധരനു രാജ്യസഭാ സീറ്റ് ലഭിച്ചത് ഇതിന് ഉദാഹരണമായി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

ബിജെപിയിലെ ഈ ഗ്രൂപ്പ് പോരുകള്‍ ബിഡിജെഎസിനെ ദോഷകരമായി ബാധിക്കുന്നത് യോഗം വിലയിരുത്തും.

തുഷാറിനു രാജ്യസഭാ സീറ്റ് എന്ന വാര്‍ത്തയാണ് നിലവിലെ ബിജെപി-ബിഡിജെഎസ് ബന്ധത്തെ ഉലച്ചത്. പക്ഷെ ഇപ്പോള്‍ ഈ വ്യാജവാര്‍ത്തയെക്കുറിച്ച് ബിജെപി-ബിഡിജെഎസ് നേതൃത്വം അന്വേഷണം തുടങ്ങിയ ഘട്ടത്തില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ക്ക് മുതിരേണ്ടതില്ല എന്ന് ഒരു വിഭാഗം നേതാക്കള്‍ ബിഡിജെഎസ് യോഗത്തില്‍ വാദിക്കും. കാരണം തുഷാറിനു രാജ്യസഭാ സീറ്റ് എന്ന വാഗ്ദാനം ബിജെപി കേന്ദ്ര നേതൃത്വം ബിഡിജെഎസ് നേതൃത്വത്തിനു നല്‍കിയിരുന്നില്ല. എന്നിട്ടും വാര്‍ത്ത സൃഷ്ടിക്കപ്പെട്ടു.

ആ വാര്‍ത്തയുടെ പേരില്‍ ബിഡിജെഎസ്-ബിജെപി ബന്ധം ഉലയ്ക്കും വിധം പ്രചാരണം നടത്തുകയും ഇതില്‍ നിന്ന് ചിലര്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. ബിഡിജെഎസിന് ബിജെപി വാഗ്ദാനം ചെയ്തത് ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ മാത്രമാണ്. അത് നല്‍കുന്നതില്‍ കാലതാമസം ഉണ്ടായിട്ടുണ്ട്.

പക്ഷെ ഇതുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ ബന്ധപ്പെട്ട മന്ത്രാലയത്തില്‍ എത്തിയെന്നതിന്റെ തെളിവുകള്‍ ബിജെപി കേന്ദ്രനേതൃത്വം തന്നെ ബിഡിജെഎഎസിന് നല്‍കിയിട്ടുണ്ട്. ഈ വാര്‍ത്ത ബിഡിജെഎസിന്റെ മുതിര്‍ന്ന നേതാവ് 24 കേരളയോടു സ്ഥിരീകരിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ബിജെപി ചേരിപ്പോരില്‍ വീഴാതെ വിവാദങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് എന്‍ഡിഎയില്‍ ഉറച്ചു നിന്ന് മുന്നോട്ട് പോകാന്‍ ഇന്നത്തെ ബിഡിജെഎസ് നേതൃത്വം തീരുമാനമേടുത്തേക്കും.