ബിഹാറിലെ ജഹനാബാദ് നിയമസഭാ മണ്ഡലത്തില്‍ ആര്‍ജെഡി യ്ക്ക് വിജയം

0
78

പട്ന: ബിഹാറിലെ ജഹനാബാദ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിക്ക് വിജയം. ആര്‍ജെഡിയുടെ സിറ്റിംഗ് സീറ്റായിരുന്നു ജഹനാബാദ്. ജെഡിയു വിന്റെ അഭിരാം ശര്‍മയെയാണ് ആര്‍ജെഡി യുടെ കുമാര്‍ കൃഷ്ണ മോഹന്‍ തോല്‍പിച്ചത്. 35,036 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കുമാര്‍ കൃഷ്ണ മോഹന്‍ വിജയിച്ചിരിക്കുന്നത്. ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാള്‍ ഉയര്‍ത്താന്‍ ആര്‍ജെഡി യ്ക്ക് സാധിച്ചു.

ആര്‍ജെഡി യ്ക്കും അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനും വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ വിജയം. അതേസമയം, മുഖ്യമന്ത്രി നിതീഷ് കുമാറിനും ബിജെപി യ്ക്കും വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. ആര്‍ജെഡി യുമായുള്ള മഹാസഖ്യം വിട്ട് അടുത്തിടെയാണ് നിതീഷ് കുമാര്‍ ബിജെപി പാളയത്തിലെത്തിയത്.

ജഹനാബാദിലെ വിജയത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ അഭിനന്ദിച്ചു. ഇത് വന്‍വിജയമാണെന്ന് മമത ട്വിറ്ററില്‍ കുറിച്ചു.

 

2015 ല്‍ ആര്‍ജെഡിയുടെ മുന്ദ്രികാ സിംഗ് യാദവ് 30,321 വോട്ടുകള്‍ക്കായിരുന്നു രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയുടെ പ്രവീണ്‍ കുമാറിനെ പരാജയപ്പെടുത്തിയത്. 2017 ഒക്ടോബര്‍ 24 ന് മുന്ദ്രികാ സിംഗ് മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.